രത്തന്‍ ടാറ്റയ്ക്ക് പിന്‍ഗാമിയായെത്തി, നാടകീയ പുറത്താകലും നിയമപോരാട്ടവും; അപ്രതീക്ഷിത അന്ത്യം


സ്വന്തം ലേഖകന്‍

അകടത്തിന്റെ ദൃശ്യം, സൈറസ് മിസ്ത്രി |ഫോട്ടോ:PTI

ഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു രത്തന്‍ ടാറ്റയും സൈറസ് മിസ്ത്രിയും തമ്മിലുള്ള നിയമയുദ്ധം. നാടകീയത നിറഞ്ഞ ജീവിതമായിരുന്നു എന്നും മിസ്ത്രിയുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പല്ലന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ് സൈറസ് മിസ്ത്രി. ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള എസ്പി ഗ്രൂപ്പിനാണ്. തനിക്ക് 75 വയസ്സ് പിന്നിട്ട 2012-ല്‍ രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തുന്നത്. 2006-മുതല്‍ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടറായിരുന്നു. 142 വര്‍ഷത്തെ ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള രണ്ടാമത്തെ മേധാവിയായാണ് മിസ്ത്രി എത്തിയത്. എന്നാല്‍ അതിന് നാല് വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നാടകീയമായി പുറത്താക്കി. രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍. ഇതിനെതിരെ മിസ്ത്രി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിച്ചു. ഓഹരി ഉടമകളെ അടിച്ചമര്‍ത്തുന്നുവെന്നും അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തൊട്ടുപിന്നാലെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. അസാധാരണ ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്തായിരുന്നു മിസ്ത്രിയെ പുറത്താക്കിയ നടപടിയെടുത്തത്.

ഇതിനെതിരെ മിസ്ത്രിയും ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും നല്‍കിയ പരാതി എന്‍.സി.എല്‍.ടി തള്ളി. മിസ്ത്രിയുടെ ആരോപണങ്ങള്‍ തള്ളിയ ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറക്കാന്‍ ടാറ്റ ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും ടാറ്റയും തമ്മിലുള്ള നിയമ യുദ്ധം ഇതോടെ അവസാനിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മിസ്ത്രി ഇതിനെതിരെ അപ്പീല്‍ നല്‍കി. അപ്പീല്‍ ട്രിബ്യൂണല്‍ മിസ്ത്രിക്ക് അനുകുലമായിട്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്. ചെയര്‍മാന്‍ സ്ഥാനത്ത് മിസ്ത്രിയെ പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും മിസ്ത്രിയുടെ പുനര്‍ നിയമനം സ്റ്റേ ചെയ്യുകയുമുണ്ടായി. പുറത്താക്കല്‍ നടപടി സുപ്രീംകോടതി പിന്നീട് ശരിവെക്കുകയും ചെയ്തു.

സിവില്‍ എഞ്ചിനിയറില്‍ നിന്ന് ബിസിനസിലേക്ക്

ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് മേധാവിയായ പല്ലോന്‍ജി മിസ്ത്രിയുടെ ഇളയമകനായി 1968 ജൂലായ് നാലിന് മുംബൈയിലാണ് ജനനം. ഒരു പാഴ്‌സി കുടുംബമാണ് മിസ്ത്രിയുടേത്. കൊളോണിയല്‍ കാലം മുതലേ വ്യവസായികളും സമ്പന്നരുമാണ് ഇവരുടെ കുടുംബം. മുംബൈയിലെ ജോണ്‍ കോണോന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ പഠനം ഇംഗ്ലണ്ടിലായിരുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി. ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. 1991-ലാണ് കുടുംബ ബിസിനസിലേക്ക് കാലെടുത്തുവെച്ചത്. ഷപൂര്‍ജി പല്ലോന്‍ജി കണ്‍സട്രക്ഷന്‍ കമ്പനിയുടെ ഡയറക്ടറായി ചുമതലയേറ്റു. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും പിതാവുമായ പല്ലോന്‍ജി മിസ്ത്രി ടാറ്റ ഡയറക്ടര്‍ ബോര്‍ഡിലും അംഗമായിരുന്നു.

സിറസ് മിസ്ത്രി രത്തന്‍ ടാറ്റയ്‌ക്കൊപ്പം|ഫോട്ടോ:PTI

സൈറസ് മിസ്ത്രി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ തലപ്പത്തേക്ക് വന്നതോടെ രണ്ടു പതിറ്റാണ്ടുകള്‍കൊണ്ട് പരമ്പരാഗത നിര്‍മ്മാണത്തിനപ്പുറം വൈദ്യുത നിലയങ്ങളും ഫാക്ടറികളും നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള വലിയ എഞ്ചിനീയറിങ് പദ്ധതികളിലേക്ക് കമ്പനി വിപുലീകരണം നടത്തി.

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും കൂടുതല്‍ പ്രോജക്ടുകള്‍ ഏറ്റെടുത്ത് കമ്പനി വിദേശത്തും വളര്‍ച്ച തുടര്‍ന്നു. 2006-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡില്‍ നിന്ന് പല്ലോന്‍ജി മിസ്ത്രി വിരമിച്ചു. പകരം 38-കാരനായ സൈറസ് മിസ്ത്രി ഈ സ്ഥാനത്തേക്കുവന്നു. ടാറ്റ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായിരുന്ന പല്ലോന്‍ജി മകനെ ടാറ്റ ഗ്രൂപ്പിന്റെ നിരവധി കമ്പനികളുടെ ഡയറക്ടറായും നിയമിച്ചു. 2011-ല്‍ സൈറസ് ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി ചുമതലയേറ്റു. തൊട്ടടുത്ത വര്‍ഷം രത്തന്‍ ടാറ്റ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗമായാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. അത് വിജയിച്ചെങ്കിലും നാലു വര്‍ഷം മാത്രമേ അതിന് ആയുസുണ്ടായിരുന്നുള്ളൂ.

പാഴ്‌സി കുടുംബം തന്നെയായിരുന്നു രത്തന്‍ ടാറ്റയുടേതും. സൈറസ് മിസ്ത്രിയുടെ സഹോദരിമാരില്‍ ഒരാള്‍ രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനും ടാറ്റ ഗ്രൂപ്പിലെ പ്രമുഖ എക്സിക്യൂട്ടീവുമായ നോയല്‍ ടാറ്റയെ ആണ് വിവാഹം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരില്‍ ഒരാളായ ഇഖ്ബാല്‍ ചഗ്ലയുടെ മകളെയാണ് സൈറസ് മിസ്ത്രി വിവാഹം കഴിച്ചത്. സൈറസ് മിസ്ത്രിയുടെ അമ്മ ഐറിഷ് പൗരയായിരുന്നു.

ദാരുണമായ അന്ത്യം

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയാണ് 54-കാരനായ സൈറസ് മിസ്ത്രി അപകടത്തില്‍ മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള ഒരു പാലത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. അദ്ദേഹം സഞ്ചരിച്ച കാറ് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.

സിറസ് മിസ്ത്രി മരിച്ച അപകടത്തില്‍പ്പെട്ട കാറ് |ഫോട്ടോ:ANI

മിസ്ത്രിയും മറ്റും മൂന്ന് പേരുമാണ് കാറിലുണ്ടായിരുന്നത്. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെ, അവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ, ഇയാളുടെ സഹോദരന്‍ ജെഹാംഗീര്‍ പണ്ടോളെ എന്നിവരാണ് കാറിലുള്ള മറ്റുള്ളവരെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ ജെഹാംഗീര്‍ പണ്ടോളെയും മിസ്ത്രിക്കൊപ്പം മരിച്ചതായാണ് വിവരം. ഇവര്‍ ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. പരിക്കേറ്റ ഡോ. അനഹിത പണ്ടോളെയും ഭര്‍ത്താവും വാപിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Who is Cyrus Mistry-killed road accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented