ചണ്ഡിഗഢ്: ഏറെ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷമാണ് അമരീന്ദര്‍ സിങിന്റെ പിന്‍ഗാമിയായി ചരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. നവ്‌ജ്യോത് സിദ്ദു, സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ തുടങ്ങി നിരവധി പേരുകള്‍ മാറി മറിഞ്ഞ ശേഷമാണ് ആദ്യഘട്ടത്തില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ചരണ്‍ജിത്ത് സിങ് ചന്നിയിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്. അമരീന്ദര്‍ സിങ്- സിദ്ദു സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ചന്നിക്ക് സാധിക്കും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ് ചന്നി മാറും.

ആരാണ് ചരണ്‍ജിത്ത് സിങ് ചന്നി

ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് 58കാരനായ ചരണ്‍ജിത്ത് സിങ് ചന്നി. പഞ്ചാബ് ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ചന്നി പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ് മുഖ്യമന്ത്രി കൂടിയാണ്. മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്തയച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സംഘത്തില്‍ ചന്നിയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. 

വീണ്ടും ചര്‍ച്ചയായി മീടൂ കേസ്

ചരണ്‍ജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കെ പഞ്ചാബിലെ പുതിയ സംസാര വിഷയം അദ്ദേഹത്തിനെതിരായ ഒരു മീടൂ വിവാദമാണ്. 2018 ല്‍ ചരണ്‍ജിത്ത് സിങ് ചന്നി സംസ്ഥാനത്തെ ഒരു വനിത ഐ.എ.എസ് ഓഫീസര്‍ക്ക് അനുചിതമായ ഒരു മെസേജ് അയച്ചു എന്നതായിരുന്നു വിവാദം. എന്നാല്‍ ഐ.എ.എസ് ഓഫീസര്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. വിഷയം പരിഹരിക്കപ്പെട്ടതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മെയ് മാസം പഞ്ചാബ് വനിത കമ്മീഷന്‍ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചതോടെ കേസ് വീണ്ടും ചര്‍ച്ചാവിഷയമായിരുന്നു. 

ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്

അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് കോണ്‍ഗ്രസ്  ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ജാതി സമവാക്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു ദളിത്-സിഖ് നേതാവ് മുഖ്യമന്ത്രി അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന വാര്‍ത്തകള്‍ നേരത്തെയേ പ്രചരിച്ചിരുന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മറ്റ് സീനിയര്‍ നേതാക്കളെ പിന്തള്ളി ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തിയത്. 

സംസ്ഥാനത്ത് അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിക്കുമെന്ന് ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചുവരാനായി ശ്രമിക്കുന്ന ശിരോമണി അകാലി ദളും വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി ദളിത് വിഭാഗത്തിന് നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.

Content Highlights: Who Is Charanjit Singh Channi, Punjab's New Chief Minister