ക്യാപ്റ്റൻ ശിവ ചൗഹാൻ പരിശീലനത്തിനിടെ | Photo: ANI
11-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് വളര്‍ത്തിയതും പഠിപ്പിച്ചതും സ്വപ്നങ്ങള്‍ക്ക് കൂട്ടായതും അമ്മ. ചെറുപ്പം മുതലേ ആഗ്രഹം ഇന്ത്യന്‍ കരസേനയില്‍ അംഗമാകണമെന്നായിരുന്നു. ഉദയ്പുരില്‍ സ്കൂള്‍ വിദ്യാഭ്യാസവും എന്‍.ജെ.ആര്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സിവില്‍ എഞ്ചിനീയറിങ്ങും പൂര്‍ത്തിയാക്കിയ ശിവ ചൗഹാന് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനത്തില്‍ സമാനതകളില്ലാത്ത അത്യുത്സാഹവും മികവും പുലര്‍ത്തിയാണ് 2021 മുതല്‍ എഞ്ചിനീയര്‍ റെജിമെന്റിന്റെ ഭാഗമാവുന്നത്. ഇന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ ജോലി ചെയ്യുന്ന ആദ്യ വനിതാ സൈനിക ഓഫീസറാണ്, ക്യാപ്റ്റന്‍ ശിവ ചൗഹാന്.
സിയാച്ചിന്‍ മലനിരകളിലെ കുമാര്‍ പോസ്റ്റ് ഏകദേശം 15,632 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കഠിനമായ തണുപ്പും പ്രതികൂലസാഹചര്യങ്ങളുമുള്ള സിയാച്ചിനില്‍ ജോലി ചെയ്യുന്നത് വളരെയധികം വെല്ലുവിളിയുള്ള ജോലിയാണ്. 1984 മുതല്‍ പലഘട്ടങ്ങളിലും പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായ ഇവിടേക്ക്, മൂന്ന് മാസത്തെ കഠിനപരിശീലനങ്ങള്‍ക്കൊടുവിലാണ് ജോലിക്ക് ക്യാപ്റ്റന്‍ ശിവ ചൗഹാന് നിയോഗിക്കപ്പെടുന്നത്. നേരത്തെ, 9,000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പുകളിലേക്ക് വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ആദ്യമായാണ് കുമാര്‍ പോസ്റ്റിലേക്ക് ഒരു വനിതയെത്തുന്നത്. സിയാച്ചിനിലെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോറിലെ ഉദ്യോഗസ്ഥയാണ് ശിവ ചൗഹാന്.
സഹനശക്തി വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങള്‍, കുത്തനെയുള്ള മഞ്ഞുപാളികള്‍ കയറുന്ന ഐസ് വാള് ക്ലൈംബിങ്, ഹിമപാതത്തിലും ഹിമപരപ്പിലും അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളും നടത്താനുള്ളതടക്കമുള്ള പരിശീലനങ്ങള്‍ ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് നല്‍കും. അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന് പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വിവിധ സൈനിക എഞ്ചിനീയറിങ് ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതായിരിക്കും സിയാച്ചിനില്‍ ശിവ ചൗഹാന്റെ ചുമതല. 2022 കാര്‍ഗില്‍ വിജയ് ദിവസത്തില്‍ സിയാച്ചിനിലെ യുദ്ധസ്മാരകത്തില്‍ നിന്ന് കാര്‍ഗില്‍ യുദ്ധസ്മാരകത്തിലേക്ക് സുരാ സോയ് സൈക്കിള്‍ പര്യടനത്തെ നയിച്ചിരുന്നു, ശിവ ചൗഹാന്. ഇതിന് ശേഷമാണ് എഞ്ചിനീയര്‍ റെജിമെന്റിന്റെ നേതൃത്വത്തിലേക്ക് ശിവ ചൗഹാന് എത്തുന്നത്. ഈ ചുമതലയിലെ പ്രകടനത്തിന്റെ മികവിലാണ് സിയാച്ചിനിലേക്ക് നിയോഗിക്കപ്പെടുന്നത്.
ബ്രേക്കിങ് ദി ഗ്ലാസ് സീലിങ് എന്ന അടിക്കുറിപ്പോടെ കരസേന തന്നെയായിരുന്നു ക്യാപ്റ്റന്‍ ശിവ ചൗഹാന്റെ നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് പ്രോത്സഹാനം നല്‍കുന്നതാണ് ക്യാപ്റ്റന്‍ ശിവയുടെ നേട്ടമെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം. കൂടുതല്‍ വനിതകള്‍ കരസേനയില്‍ ചേരുന്നതും പ്രതിബന്ധങ്ങള്‍ മറികടക്കുന്നതില്‍ എല്ലാ വെല്ലുവിളികളെ നേരിടുന്നതിലും ഞാന്‍ വളരേയധികം സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേനയുടെ ട്വീറ്റിലുള്ളതുപോലെ, പരിമിതികളില്‍ മാത്രം തളച്ചിടുന്ന അദൃശ്യമായ തടസ്സങ്ങളെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനമാവുകയാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്റെ നേട്ടം.
Content Highlights: who is captain shiva chauhan first woman officer deployed siachen glacier kumar post life story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..