പ്രതീക്ഷിതമായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിപദത്തില്‍നിന്നുള്ള വിജയ് രൂപാണിയുടെ രാജിപ്രഖ്യാപനം. അതും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുകൊല്ലം മാത്രം ബാക്കിനില്‍ക്കേയുള്ള രാജി. ആരാകും അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയെന്ന ചോദ്യമായിരുന്നു പിന്നീട് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയർന്നുകേട്ടത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പേരുവരെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാർത്തകള്‍ വന്നു. എന്നാല്‍ ഞായറാഴ്ച വൈകിട്ട് ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടു-ഭൂപേന്ദ്ര പട്ടേല്‍. ആരാണ് ഭൂപേന്ദ്ര പട്ടേല്‍?  എം.എല്‍.എയായ ആദ്യ ടേമില്‍ത്തന്നെ ഗുജറാത്ത് മുഖ്യമന്ത്രിപദം അദ്ദേഹത്തെ തേടിയെത്തിയത് എന്തുകൊണ്ട്? 

59-കാരനായ ഭൂപേന്ദ്ര പട്ടേല്‍, കട്‌വ പട്ടീദാർ സമുദായാംഗമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ദാര്‍ ധാം, വിശ്വ ഉമിയ ഫൗണ്ടേഷന്‍ എന്നീ പട്ടീദാർ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്. സ്വാധീനശക്തിയും നിര്‍ണായക രാഷ്ട്രീയശക്തിയുമുള്ളതാണ് പാട്ടീദാര്‍ സമുദായം. ഗുജറാത്തില്‍ ബി.ജെ.പിക്ക് തുടര്‍ച്ചയായ വിജയം സമ്മാനിക്കുന്നതില്‍ ഈ സമുദായത്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഘട്‌ലോദിയ മണ്ഡലത്തെയാണ് ഭൂപേന്ദ്ര പട്ടേല്‍ പ്രതിനിധീകരിക്കുന്നത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും ഘട്‌ലോദിയ മണ്ഡലത്തിലെ എം.എല്‍.എയുമായിരുന്ന ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനായിരുന്നു ഭൂപേന്ദ്ര പട്ടേല്‍. 2017-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശശികാന്ത് പട്ടേലിനെയാണ് ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്. 

1999-2000 കാലത്ത് മേംനഗഗര്‍ മുന്‍സിപ്പാലിറ്റി അധ്യക്ഷനായിരുന്നു. 2008-10 വര്‍ഷങ്ങളില്‍ എ.എം.സി. സ്‌കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു. 2010-15-ല്‍ തല്‍തേജ് വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലറായിരുന്നു അദ്ദേഹം. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഭൂപേന്ദ്ര പട്ടേല്‍ ഡിപ്ലോമ നേടിയിട്ടുണ്ട്.  

രൂപാണിയുടെ സ്ഥാനമൊഴിയലിനു പിന്നാലെ പുതിയ മുഖ്യമന്ത്രിയായി പട്ടീദാർ സമുദായാംഗത്തെ ബി.ജെ.പി. തിരഞ്ഞെടുക്കുമെന്ന് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. ഇത്തരം ഊഹാപോഹങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു  ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം.

content highlights: who is bhupendra patel? how did he elevated to chief minister post