രു ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി, അതിലുപരി ഒരു ഐഎഎസ് ഉദ്യോഗസ്ഥനുവേണ്ടി ഒരു മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ഏറ്റുമുട്ടുന്നതിന് രാജ്യത്ത് അധികം ഉദാഹരണം ഉണ്ടാകില്ല. കേന്ദ്രത്തോട് ഏറ്റുമുട്ടി ഇതുവരെ ഒരു ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ നടത്താത്ത കരുനീക്കങ്ങള്‍ക്കൊടുവിലാണ് ആലാപനെ കേന്ദ്രത്തിന് വിട്ടുകൊടുക്കാതെ രാജിവപ്പിച്ച് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാക്കി മമത ഞെട്ടിച്ചുവെന്ന് പറഞ്ഞാലും തെറ്റില്ല.

ബംഗാള്‍ ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ദോപാധ്യായെ കേന്ദ്രം തിരിച്ചുവിളിച്ചതോടെയാണ് കേന്ദ്രവും മമതയും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്.  ആലാപനെ വിട്ടുനല്‍കാനാകില്ലെന്ന് മമതാ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം ആലാപന് നല്‍കിയാണ് മമതയ്ക്കുള്ള കത്തിന് കേന്ദ്രം മറുപടി നല്‍കിയത്. തൊട്ടുപിന്നാലെ ആലാപന്‍ ബന്ദോപാധ്യായ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് ഡല്‍ഹിയിലേക്ക് രാജിക്കത്തയച്ചു. മണിക്കൂറുകള്‍ക്കകം ദീദീ ആലാപനെ തന്റെ  മുഖ്യ ഉപദേശകനായി നിയമിച്ചു.

ഒരു പക്ഷേ ഒരു ചീഫ് സെക്രട്ടറിമാര്‍ക്കു വേണ്ടിയും ഒരു മുഖ്യമന്ത്രിയും ഇത്രയും വാശിപിടിച്ചിട്ടുണ്ടാകില്ല. കേന്ദ്രവുമായി ഏറ്റുമുട്ടിയിട്ടും ഉണ്ടാകില്ല.  സ്വയം രാജിവെച്ചുകൊണ്ടു ഒരു ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഉപദേശകനായിട്ടുമുണ്ടാകില്ല. 

Alapan Bandyopadhyay
മമതാ ബാനര്‍ജിയും ആലാപന്‍ ബന്ദോപാധ്യായയും | PTI 

ആരാണ് ആലാപന്‍ ബന്ദോപാധ്യായ 

പശ്ചിമ ബംഗാളിലെ  സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ  നരേന്ദ്രപുര്‍ ജില്ലയില്‍ 1961 മെയ് 17നാണ് ബന്ദോപാധ്യായയുടെ ജനനം. രാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ആലാപന്‍. എഞ്ചിനീയറിങ്ങോ സയന്‍സ് ഗ്രൂപ്പോ എടുക്കാതെ ആലാപന്‍ ഹ്യൂമാനിറ്റീസില്‍ ഉന്നത പഠനം നേടാന്‍ തീരുമാനിച്ചു. അങ്ങനെ  പ്രശസ്തമായ പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം സ്വന്തമാക്കി. ബിരുദാനന്തര ബിരുദം കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലും പൂര്‍ത്തിയാക്കി. യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കണ്ടുമുട്ടിയ സൊനാലി ചക്രബര്‍ത്തിയെ ജീവിത സഖിയാക്കി.  

മാധ്യമപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായ ആലാപന്‍ 1983ല്‍ അഹമ്മദാബാദ് പത്രികയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുമ്പോള്‍ തന്നെ അദ്ദേഹം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുത്തു. അങ്ങനെ 1987ല്‍ അദ്ദേഹം സിവീല്‍ സര്‍വ്വീസ് പരീക്ഷ പാസായി.

34 വര്‍ഷത്തെ ബന്ദോപാധ്യായുടെ സിവില്‍ സര്‍വ്വീസ് ജീവിതത്തെ മുന്നോട്ട് നയിച്ചതത്രെയും നിയമപുസ്തകങ്ങളായിരുന്നു. നിയമത്തില്‍ നിന്നും അണുവിട ചലിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ബംഗാളില്‍ വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത തസ്തികകളില്‍ അദ്ദേഹം പേരെടുത്തു. 

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായും ഹൗറ, പര്‍ഗനാസ് ജില്ലകളിലെ മജിസ്‌ട്രേറ്റായും അദ്ദേഹം സേവനം അനുഷ്ടിച്ചു. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. കേന്ദ്ര സര്‍വ്വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഇതുവരെ ഡല്‍ഹിയില്‍ ജോലി ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു കൗതുകം.

ടാഗോറിന്റെയും  മഹാത്മ ഗാന്ധിയുടെയും ആരാധനകനായ ആലാപന്‍ അല്‍മാര്‍ മോണ്‍ എന്ന പേരില്‍ പുസ്തകവും എഴുതിയിട്ടുണ്ട്. 

ഇംഗ്ലീഷും ബംഗ്ലയും ഒരേപോലെ സംസാരിക്കുന്ന അലാപന്‍ എന്നും ബംഗാള്‍ ഭരണത്തിന്റെ ഇടനാഴികളിലെ പ്രിയപ്പെട്ട ഒരാളായിരുന്നു.  വളരെ മാന്യമായ പെരുമാറ്റവും ഏതൊരു വിഷയത്തെക്കുറിച്ചുമുള്ള അഗാധമായ അറിവും ആലാപനെ ബംഗാളിലെ ഇടതുമന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനാക്കി. ഏറ്റെടുത്ത വകുപ്പുകളെല്ലാം ആത്മാര്‍ത്ഥയും കഠിനാധ്വാനവും കൊണ്ട് അദ്ദേഹം മികച്ചതാക്കി മാറ്റി.  ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെയും പ്രിയപ്പെട്ട ഉദ്യോഗസ്ഥരില്‍  ഒരാളായിരുന്നു ആലാപന്‍. മാധ്യമ പ്രവര്‍ത്തകനായിരുന്ന ആദ്ദേഹത്തിന് മാധ്യമങ്ങളുമായും മികച്ച  സൗഹൃദമാണ് ഉള്ളത്. 

ഈ ഉദ്യോഗസ്ഥനെ വിട്ടുകൊടുക്കാതിരിക്കാനാണ്‌ മമതാ ബാനര്‍ജി അരയും തലയും മുറുക്കി പോരിനിറങ്ങിയത്‌. ആലാപനെ വിട്ടുതരാനാകില്ലെന്ന് പറഞ്ഞ് മമത നരേന്ദ്രമോദിക്കയച്ച കത്തില്‍ പറഞ്ഞുവെച്ചതും അതാണ്.. യാസ് ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ബംഗാളില്‍ നിന്ന് ഇപ്പോള്‍ ആലാപനെ വിട്ടുതരാനാകില്ല. ഒരു ഉദ്യോഗസ്ഥന് ഒരു മുഖ്യമന്ത്രിയുടെ ആശ്വാസവും ആത്മവിശ്വാസവും ഒക്കെയാകാന്‍ എങ്ങനെയൊക്കെ കഴിയുമെന്ന് ആലാപന്‍ ബന്ദോപാധ്യായ തന്റെ 34 വര്‍ഷത്തെ സര്‍വ്വീസിലൂടെ പറഞ്ഞുതരുന്നുണ്ട്.... 

Content Highlight: Who Is Alapan Bandyopadhyay