ന്യുഡല്‍ഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെതിരേ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ എന്ത് അവകാശമാണുള്ളതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയോട് കോടതി ചോദിച്ചു. പ്രതിഷേധിക്കാന്‍ കര്‍ഷകസംഘടനകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് റോഡ് തടഞ്ഞാകരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ ഏഴിനകം കര്‍ഷകസംഘടനകള്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ റോഡ് ഉപരോധിക്കുന്നത് മറ്റൊരു പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പോലീസ് ക്രമീകരണങ്ങളും മറ്റും ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നതാണ് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാന്‍ കാരണമെന്നാണ് കര്‍ഷകസംഘടനകള്‍ വാക്കാല്‍ കോടതിയെ അറിയിച്ചത്. സമരക്കാരെ റോഡില്‍ തടഞ്ഞുവെച്ചിരിക്കുന്നത് പൊലീസ് ആണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും രാംലീല മൈതനിയിലോ ജന്തര്‍ മന്ദറിലോ സമരം നടത്താന്‍ അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ വാദിച്ചു. 

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷം രാജ്യം കണ്ടതാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കാന്‍ കര്‍ഷക സംഘടനകളോട് നിര്‍ദേശിച്ച കോടതി, ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.

Content highlights: Who gave the right to block roads? Supreme Court lashes out at farmers