ലഖ്‌നൗ: ഇന്ത്യയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നു കരുതുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് മുസാഫര്‍നഗറില്‍ നിന്നുള്ള എംഎല്‍എ വിക്രം സെയ്‌നി. രാജ്യത്ത് സുരക്ഷയില്ലെന്ന് മുറവിളി കൂട്ടുന്നവര്‍ രാജ്യദ്രോഹികളാണെന്നും സെയ്‌നി കൂട്ടിച്ചേര്‍ത്തു. 

ഇത്തരക്കാരെ നിയമപരമായി ശിക്ഷിക്കണം. ഭാരതത്തിന്റെ മൂല്യങ്ങളെ ബഹുമാനിക്കാന്‍ കഴിയാത്തവര്‍ ഏതെങ്കിലും വിദേശരാജ്യത്തേക്ക് കുടിയേറുന്നതാണ്‌നല്ലതെന്നും വിക്രം സെയ്‌നി പറഞ്ഞു. 

തനിക്കൊരു മന്ത്രിസ്ഥാനം ലഭിച്ചാല്‍ ഇങ്ങനെയുള്ള ആളുകളെ മുഴുവന്‍ ബോംബ് വെച്ച് കൊല്ലുമെന്നും ഒരാളെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സെയ്‌നി പറയുന്നു. രാജ്യസ്‌നേഹമില്ലാത്തവര്‍ എന്തിനാണ് ഇവിടെ തുടരുന്നതെന്നും രാജ്യം വിട്ട് പോകണമെന്നും സെയ്‌നി പറഞ്ഞു.

ബുലന്ദ്ശഹറില്‍ പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ് എംഎല്‍എ ഇത്തരത്തില്‍ സംസാരിച്ചത്. പശുവിനെ ചൊല്ലി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തന്നില്‍ ഭീതിയുണ്ടാക്കുന്നുവെന്നും തന്റെ കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും ഷാ പറഞ്ഞിരുന്നു.

ജനസംഖ്യാനിയന്ത്രണവിഷയത്തില്‍ കഴിഞ്ഞ വര്‍ഷം  സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ നിയന്ത്രണനിയമം നിലവില്‍ വരുന്നതു വരെ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണമെന്ന് ഹിന്ദുക്കളോട് സെയ്‌നി ആഹ്വാനം ചെയ്തിരുന്നു. 

Content Highlights: Vikram Saini, BJP MLA, Lucknow