ന്യൂഡല്‍ഹി: കോവിഡ് 19ന് എതിരായ പോരാട്ടത്തിന്റെ പ്രധാന ആയുധമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയും പലസന്ദര്‍ഭങ്ങളിലും നിര്‍ബന്ധിതമാക്കുകയും ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനായിരുന്നു ആരോഗ്യ സേതു ആപ്പ്. എന്നാല്‍ ആരാണ് ഈ ആപ്പ് നിര്‍മിച്ചതെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു അറിവുമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആരോഗ്യസേതു ആപ്പിനേക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.

ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് 'ഒഴിഞ്ഞുമാറുന്ന മറുപടി'യാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ നല്‍കാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യസേതു ആപ്പിന്റെ നിര്‍മാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശ കമ്മീഷന്‍ പറഞ്ഞു. ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും നാഷണല്‍ ഇ-ഗവേണ്‍സ് ഡിവിഷനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ കാരണംകാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതു വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ ആപ്പ് ആര് നിര്‍മിച്ചു എന്ന് തങ്ങള്‍ക്കറിയില്ല എന്നാണ് വിവരാവകാശ ചോദ്യത്തിന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും നല്‍കിയ മറുപടി.

സാമൂഹ്യപ്രവര്‍ത്തകനായ സൗരവ് ദാസ് ആണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്. ആപ്പ് നിര്‍മിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍, ഇതിന്റെ അനുമതി സംബന്ധിച്ച വിവരങ്ങള്‍, നിര്‍മിച്ച കമ്പനിയുടെ പേര്, ആപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളും സര്‍ക്കാര്‍ വകുപ്പുകളും, ആപ്പ് ഡവലപ് ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചവരുമായി നടന്നിട്ടുള്ള ആശയവിനിമയത്തിന്റെ പകര്‍പ്പുകള്‍ തുടങ്ങിയവയായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ വിവിധ വകുപ്പുകള്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ തട്ടിക്കളിക്കുകയായിരുന്നെന്നാണ് ആരോപണം. ചോദ്യത്തിന് ഐടി മന്ത്രാലയവും മറുപടി നല്‍കാന്‍ തയ്യാറായില്ല. തങ്ങളുടെ വിഭാഗവുമായി ബന്ധമുള്ളതല്ല ഈ ചോദ്യമെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ ഇ-ഗവേണ്‍സ് വിഭാഗത്തിന് കൈമാറുകയായിരുന്നു ഐടി മന്ത്രാലയം ചെയ്തത്.

Content Highlights: Who Created Aarogya Setu? RTI Body Pulls Up Government Over Evasive Reply