ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അലിഖിത നിയമങ്ങളായ മദ്യവര്‍ജനവും ഖാദി പ്രോത്സാഹനവും കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തില്‍ വീണ്ടും ചര്‍ച്ചയായി. ദേശീയാധ്യക്ഷ സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഈ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തിയത്. മദ്യ വര്‍ജനത്തിന്റെ പ്രായോഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ച രസകരമായ മറുപടികള്‍ക്കും കാരണമായി.

ചര്‍ച്ചയ്ക്കിടെ ഇവിടെ ആരൊക്കെ മദ്യപിക്കും എന്നായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത ചോദ്യം. രാഹുലിന്റെ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നില്‍ പല നേതാക്കളും പതറി. രംഗം തണുപ്പിക്കാനായി ഇടപെട്ട നവജ്യോത് സിങ് സിദ്ധുവിന്റെ മറുപടി എന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ആളുകളും മദ്യപിക്കും എന്നായിരുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതെയായിരുന്നു സിദ്ധുവിന്റെ മറുപടി.

പാര്‍ട്ടി അംഗത്വത്തിനായുള്ള ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന വികാരത്തിലേക്കാണ് ഈ ചര്‍ച്ച മുന്നേറിയത്. ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ വര്‍ക്കിങ് കമ്മറ്റിക്ക് മാത്രമേ അധികാരമുള്ളു. മഹാത്മാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ് പിന്തുടരുന്നതാണ് മദ്യവര്‍ജന നയം. 2007 ലെ ഒരു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി യോഗത്തിലും രാഹുല്‍ ഇത്തരം നിയമങ്ങള്‍ പിന്തുടരുന്നതിലെ അപ്രായോഗികതയെ ചോദ്യം ചെയ്തിരുന്നു.

നിലവില്‍ നവംബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ട്ടിയുടെ അംഗത്വ യജ്ഞത്തിനുള്ള ഫോമില്‍ മദ്യവര്‍ജന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗത്വം സ്വീകരിക്കുമ്പോള്‍ ഉള്ള പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പത്ത് പോയന്റുകളില്‍ ഒന്നാണ് മദ്യവര്‍ജനം. പൊതുവിടങ്ങളില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ ചോദ്യം ചെയ്യരുതെന്ന നിര്‍ദേശവും പാര്‍ട്ടി പുതിയ അംഗങ്ങള്‍ക്ക് നല്‍കുന്നു.

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലുമുള്ള അംഗങ്ങള്‍ക്കും പരിശീലനം നല്‍കാനും കോണ്‍ഗ്രസ് ആലോചിക്കുന്നു. നവംബര്‍ 14 മുതല്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കാനും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Who All Here Drinks?: Rahul Gandhi Revisits Crucial Query At Party Meet