ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ വിസ്‌കിയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട സംഭവം വിവാദമായി. ചൂഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ദേശീയ ദുരന്ത പ്രതികരണസേന (എന്‍ഡിആര്‍എഫ്) പശ്ചിമബംഗാളിലെ ദേല്‍പുര്‍, പഞ്ച്‌ല ബ്ലോക്ക്, ഹൗറ എന്നിവിടങ്ങളില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനൊപ്പമുള്ള മൂന്നു ചിത്രങ്ങളില്‍ ഒന്നിലുള്ളത് നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പികളും നിറച്ച മദ്യഗ്ലാസും മറ്റുമാണ്. ഏകദേശം 15 മിനിറ്റിന് ശേഷമാണ് തെറ്റു മനസ്സിലാക്കി ചിത്രം നീക്കംചെയ്തത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച മനപ്പൂര്‍വമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ ഫേയ്‌സ്ബുക്ക് അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോള്‍ സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. തെറ്റുവരുത്തിയ ജീവനക്കാരന്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. 

നിരവധി ഫെയ്‌സ്ബുക്ക്‌ ഉപയോക്താക്കളാണ് ഈ പോസ്റ്റിന് പ്രതികരണവുമായെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജ് 2.79 ലക്ഷം പേരാണ് പിന്തുടരുന്നത്.

Contente Highlights: Whisky surprise on MHA page was a 'mix-up', person behind goof-up apologises