ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുഴുവന്‍ മാധ്യമ വിഭാഗ ജീവനക്കാരേയും മറ്റ് വകുപ്പുകളിലേക്ക് സ്ഥലംമാറ്റി. ഉംപുന്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ വിസ്‌കി ബോട്ടില്‍ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെട്ട വിവാദത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. 

അതേസമയം വകുപ്പ് മാറ്റത്തിനുള്ള കൃത്യമായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന്റെ അശ്രദ്ധയില്‍ വിസ്‌കി ബോട്ടില്‍ ചിത്രങ്ങള്‍ കൂടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെട്ടത്‌. ധാരാളം ട്രോളുകളും വിമര്‍ശനവും ഉയര്‍ന്ന ഉടന്‍ ഈ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് ഒഴിവാക്കിയിരുന്നു. 

മുതിര്‍ന്ന ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ നിതിന്‍ ഡി വഗാന്‍കറാണ് ആഭ്യന്തര മന്ത്രാലയ വക്താക്കളുടെ പുതിയ ടീമിനെ നയിക്കുക. നേരത്തെ സിബിഐ വക്താവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് യൂണിറ്റിന്റെ ഡയറക്ടറായി സ്ഥലംമാറ്റിയ വസുദ ഗുപ്തയ്ക്ക് പകരമാണ് വഗാന്‍കര്‍ ആഭ്യന്തര മന്ത്രാലയത്തിലേക്കെത്തിയത്.

content highlights: Whisky bottles fiasco: Entire MHA media unit transferred to other government departments