ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ ഉത്പാദനത്തിലും വിതരണത്തിലുമുള്ള കണക്കില്‍ പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്തത് ഏകദേശം 2.1 കോടി കോവാക്‌സിന്‍ ഡോസുകളാണ്. എന്നാല്‍ ആറു കോടിയിലധികം ഡോസ് ആയിരുന്നു വിതരണം ചെയ്യപ്പെടേണ്ടിയിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാര്‍ച്ചില്‍ 1.5 കോടി കോവാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞതായി ഭാരത് ബയോടെക്ക് ഏപ്രില്‍ 20-ന് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ അവസാനത്തോടെ ഉത്പാദനം രണ്ടു കോടിയാക്കുമെന്നും മേയ് മാസത്തില്‍ വാക്‌സിന്‍ ഡോസുകളുടെ ഉത്പാദനം മൂന്നു കോടിയാകുമെന്നും കമ്പനി സി.ഇ.ഒ. കൃഷ്ണ എല്ല അറിയിച്ചിരുന്നു. ഉത്പാദനം വിചാരിച്ചത്ര അളവില്‍ എത്താതിരുന്നാല്‍ കൂടിയും മേയ് മാസം അവസാനത്തോടെ ലഭ്യമാകേണ്ടിയിരുന്നത് 5.5 കോടി ഡോസുകളായിരുന്നു. 

പ്രതിമാസം രണ്ടു കോടി ഡോസ് കോവാക്‌സിന്‍ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച രണ്ടു വ്യത്യസ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താല്‍ മേയ് അവസാനത്തോടെ 5.5 കോടിക്കടുത്ത് ഡോസ് കോവാക്‌സിന്‍ ഉത്പാദിപ്പിക്കപ്പെടേണ്ടതാണ്. 

രണ്ടു കോടി വാക്‌സിന്‍ കമ്പനിയുടെ കൈവശമുണ്ടെന്ന് ജനുവരി അഞ്ചിന്(രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനും മുന്‍പേ) തന്നെ കൃഷ്ണ എല്ല പറഞ്ഞിരുന്നു. ഇതുകൂടി കണക്കിലെടുത്താല്‍ 7.5 കോടി ഡോസ് വാക്‌സിന്‍ വരും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളെ അപേക്ഷിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഉത്പാദനം കുറവായിരുന്നെങ്കില്‍ കൂടിയും ആകെ കണക്കെടുക്കുമ്പോള്‍ എട്ടു കോടി ഡോസിന് അടുത്തുവരും. 

വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തതായും കണക്കാക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാരണം ഇന്ത്യ ആകെ കയറ്റുമതി ചെയ്തത് 6.6 കോടി ഡോസ് വാക്‌സിനാണ്. ഇതില്‍ അധികവും കോവിഷീല്‍ഡ് വാക്‌സിനാണ്. ആകെ കയറ്റുമതി ചെയ്തതില്‍ രണ്ടു കോടി കോവാക്‌സിന്‍ ആണെന്ന് തന്നെ കരുതിയാലും ആറു കോടി കോവാക്‌സിന്‍ രാജ്യത്ത് ലഭ്യമാകുമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ നാലു കോടി ഡോസ് കോവാക്‌സിന്റെ കുറവാണുള്ളത്. രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വാര്‍ത്ത പുറത്തെത്തുന്നത്. 

content highlights: where is that four crore vaccine- mismatch in production and inoculation- suggests report