അഹമ്മദാബാദ്: വഡോദരയിലെ പ്രാദേശിക ബിജെപി പ്രവര്‍ത്തകനായ ഗോപാല്‍ഭായ് ഗോഹിലിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാണ് ഒക്ടോബര്‍ 19. അന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി മോദി ഗോഹിലിനെ നേരിട്ട് വിളിച്ച് ദീപാവലി ആശംസ അറിയിച്ചത്. പ്രധാനമന്ത്രിയുമായുള്ള അപ്രതീക്ഷിത ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഗോഹിലിന് സന്തോഷമടക്കാന്‍ സാധിക്കുന്നില്ല.
പ്രധാനമന്ത്രിയും ഗോപാല്‍ഭായ് ഗോഹിലും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്ത് മിനുട്ടോളം ദൈര്‍ഘ്യമുള്ള സംഭാഷണം ഇന്ത്യ ടുഡേയും പുറത്തു വിട്ടിട്ടുണ്ട്. ഗോഹിലിനോടും അദ്ദേഹത്തിന്റെ ഭാര്യയോടും മോദി സംസാരിക്കുന്നതും ദീപാവലി ആശംസകള്‍ അറിയിക്കുന്നതും സംഭാഷണത്തില്‍ കേള്‍ക്കാം. ഗുജറാത്തിയിലാണ് സംഭാഷണം.
വൈകുന്നേരം നാലരയോടെയാണ് മോദിജി വിളിച്ചത്. വളരെ സൗഹാര്‍ദ്ദപരമായാണ് അദ്ദേഹം സംസാരിച്ചത്. അതുതന്നെയാണ് മോദിജിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ കണ്ട പ്രവര്‍ത്തകരെ അദ്ദേഹം പിന്നീട് മറക്കില്ല. മോദിജി വിളിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ഗോഹില്‍ ഇന്ത്യ ടുഡേ ചാനലിനോട് പ്രതികരിച്ചു.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോദിജി തന്നോട് സംസാരിച്ചത്. താനുമായുള്ള സംഭാഷണം ഒരേ സമയം 25000 ആളുകളാണ് കേട്ടത്. ഒരാളോട് മാത്രം സംസാരിക്കാനും എന്നാല്‍ സംഭാഷണം നിരവധി പേര്‍ക്ക് കേള്‍ക്കാനും സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് അതെന്ന് ഗോഹില്‍ പറയുന്നു.
ഗോഹിലിന്റെ വാദം ശരിവയ്ക്കുന്ന രീതിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററുടെ നിര്‍ദ്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്. 'ഇപ്പോള്‍ ഗോപാല്‍ഭായ് ഗോഹില്‍ കണക്ട് ആയിരിക്കുന്നു' എന്ന ഇംഗ്ലീഷ് കമാന്‍ഡ് ആണ് ശബ്ദസന്ദേശത്തില്‍ വ്യക്തമായിട്ടുള്ളത്. സംഭാഷണം അവസാനിക്കുമ്പോഴും അതിന് അനുസൃതമായ ഇംഗ്ലീഷ് കമാന്‍ഡ് കേള്‍ക്കാം.
ബിജെപിയുടെ നല്ല പ്രവൃത്തികള്‍ പ്രചരിപ്പിക്കണം. പ്രതിപക്ഷത്തിന്റെ കള്ളക്കഥകളില്‍ ആശങ്കപ്പെടേണ്ടതില്ല. അതൊന്നും നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും അനുവദിക്കരുത്. പകരം പാര്‍ട്ടി ആശയങ്ങളും സത്യവും മാത്രം വിശ്വസിക്കാനും പ്രചരിപ്പിക്കാനും മോദി ഗോഹിലിനോട് ആവശ്യപ്പെടുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് പറഞ്ഞു കൊണ്ടാണ് സംഭാഷണം അവസാനിക്കുന്നത്.
വഡോദരയില്‍ വ്രാജ് സിദ്ദി ടവറിനു സമീപം സ്റ്റേഷനറി കട നടത്തുകയാണ് ഗോപാല്‍ഭായ്. ബിജെപിയുടെ വാര്‍ഡ് തല പ്രവര്‍ത്തകനായ താന്‍ മോദിക്കു വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഗോഹിലിന്റെ വാദം. പ്രധാനമന്ത്രിയുമായി മൂന്ന് വര്‍ഷം മുന്‍പ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഗോഹല്‍ അവകാശപ്പെടുന്നു.