കൊല്‍ക്കത്ത: ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച സാഹചര്യത്തില്‍, എപ്പോഴാണ് മമത ബാനര്‍ജി രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്ന ചോദ്യവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ബഡ്‌ല ഹൗസ് ഏറ്റുമുട്ടല്‍ തെളിയിക്കപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം വിടുമെന്ന മമത ബാനര്‍ജിയുടെ പഴയ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു നഡ്ഡയുടെ ചോദ്യം.

'ബട്‌ല ഹൗസ് ഏറ്റുട്ടല്‍ വ്യാജമാണെന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞിരുന്നത്. അത് യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞാല്‍ താന്‍ രാജിവെക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. കേസിലെ പ്രതിക്ക് കോടതി ഇപ്പോള്‍ വധശിക്ഷ വിധിച്ചിരിക്കുകയാണ്. മമത ബാനര്‍ജിയോട് എനിക്ക് ഒരു കാര്യമാണ് ചോദിക്കാനുള്ളത്, നിങ്ങള്‍ എപ്പോഴാണ് രാഷ്ട്രീയം നിര്‍ത്തുന്നത്?', നഡ്ഡ ചോദിച്ചു. കോതുല്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു നഡ്ഡ.

ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിസ് ഖാന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് വധശിക്ഷ വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് ബട്ല ഹൗസ് ഏറ്റമുട്ടല്‍ കേസിനെ കോടതി വിശേഷിപ്പിച്ചത്. ഡല്‍ഹി, ജയ്പുര്‍, അഹമ്മദാബാദ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലടക്കമുണ്ടായ നിരവധി സ്ഫോടനക്കേസുകളില്‍ ആരിസ് ഖാന് പങ്കുണ്ടെന്നും ഇതിനു പുറമേയാണ് ബട്ല ഏറ്റുമുട്ടല്‍കേസിലും ആരിസ് ഖാന്‍ പ്രതിയായിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 

2008 സെപ്തംബര്‍ 19-നുണ്ടായ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലിലിലാണ് ഡല്‍ഹി പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെട്ടത്. രാജ്യതലസ്ഥാനത്ത് നാലിടങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ബട്ല ഹൗസിലെ ഏറ്റുമുട്ടല്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ല്‍ ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു.

Content Highlights: When are you quitting politics?- Nadda’s jab on Mamata over Batla House case