marriageന്യൂഡല്‍ഹി:  വിവാഹത്തില്‍ മാതാപിതാക്കളടക്കം ആര്‍ക്കും ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി. വടക്കേ ഇന്ത്യയില്‍ ഖാപ്പ്  പഞ്ചായത്തുകള്‍ അടക്കമുള്ള ഗ്രാമീണ സഭകള്‍ മിശ്രവിവാഹിതരായവര്‍ത്തെതിരെ നടപടിയെടുക്കാറുണ്ട്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം സംബന്ധിച്ചുള്ള മറ്റ് കാര്യങ്ങളെല്ലാം വ്യക്തികളാണ് തീരുമാനിക്കേണ്ടതെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 

ഖാപ്പ് പഞ്ചായത്തുകളെക്കുറിച്ചോ അതുപോലുള്ള മറ്റ് സംവിധാനങ്ങളെ പറ്റിയോ അല്ല പറയുന്നത്. വിവാഹം ചെയ്യാനുളള രണ്ട് വ്യക്തികളുടെ അവകാശത്തെക്കുറിച്ച് മാത്രമാണ്- കോടതി പറഞ്ഞു.

ഡല്‍ഹിയില്‍ മുസ്ലീം യുവതിയെ കല്ല്യാണം കഴിച്ചതിന് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലുളവാക്കിയ വേളയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നത്. 23 വയസുകാരിയായ മുസ്ലീം യുവതിയെ കല്ല്യാണം കഴിച്ചതിന് അന്‍കിത് സക്‌സേന എന്ന യുവാവിനെ വീടിനടുത്ത് വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഈ കൊലപാതകം കോടതിയില്‍ അഭിഭാഷകന്‍ പരാമര്‍ശിച്ചെങ്കിലും കേസ് പരിഗണനാവിഷയമല്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.