ലഖ്‌നൗ: കോണ്‍ഗ്രസും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ഉയര്‍ത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനത്തെ പിന്തുണക്കുന്നവര്‍ ബി.ജെ.പിക്ക് തന്നെ വോട്ട് ചെയ്യുമെന്നും അതില്‍ ഹിന്ദു മുസ്ലീം വേര്‍തിരിവില്ലെന്നും ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

അസദുദ്ദീന്‍ ഒവൈസിയ്ക്കും അദ്ദേഹത്തിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഉത്തര്‍പ്രദേശില്‍ ഒരു പ്രസക്തിയുമില്ല. രാം മന്ദിര്‍, സി.ഐ.എ വിഷയങ്ങളുയര്‍ത്തി പ്രകോപനമുണ്ടാക്കാനാണ് ഒവൈസി ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടര്‍മാര്‍ ഒവൈസിക്ക് വോട്ട് ചെയ്യുമോ എന്ന് പറയാനാകില്ല. ഇത് ബീഹാറല്ലെന്നും ഉത്തര്‍പ്രദേശാണെന്നും യോഗി പറഞ്ഞു.

മായാവതി ഉത്തര്‍പ്രദേശില്‍ നിര്‍ണായക ശക്തിയാവുമോ എന്ന ചോദ്യത്തിന് മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും വിദ്വേഷ പ്രചാരണമാണ് നടത്തുന്നത്. 

എ.എ.പിയ്ക്കും അരവിന്ദ് കെജ്രിവാളിനും ഉത്തര്‍പ്രദേശില്‍ ഒന്നും ചെയ്യാനാകില്ല. ലോക്ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ അപമാനിച്ച് പറഞ്ഞയച്ചത് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബീഹാറിലെയും ജനങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Content Highlights: Uttar Pradesh, CM Yogi Adityanath, BJP, Congress