നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.. പറഞ്ഞുകുടുങ്ങിയ രാഹുല്‍; സ്റ്റേ കിട്ടിയില്ലെങ്കില്‍ അയോഗ്യത


3 min read
Read later
Print
Share

രാഹുൽഗാന്ധി|ANI

ന്യൂഡല്‍ഹി: 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും'. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുലിന് വിനയായത്. പറഞ്ഞുകുടുങ്ങിയ വാക്കിന്റെ പേരില്‍ നാല്‌ വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് രാഹുലിന് രണ്ടുവര്‍ഷത്തെ തടവുശിക്ഷ കോടതി വിധിച്ചത്.

ബിജെപി സര്‍ക്കാരിനെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ മോദിക്കെതിരേ നിരന്തര ആരോപണങ്ങള്‍ ഉയര്‍ത്തി രാജ്യത്തുടനീളം കോണ്‍ഗ്രസ് കൊണ്ടുപിടിച്ച പ്രചാരണം നടത്തവെ 2019 ഏപ്രില്‍ 13നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലും മോദിയെ കടന്നാക്രമിച്ചുള്ള പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയും കള്ളനാണെന്ന് വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

എന്നാല്‍ രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതോടെ സ്ഥിതിമാറി. രാഹുലിന്റെ പരാമര്‍ശം തനിക്ക് വ്യക്തിപരമായി മാനഹാനിയുണ്ടായെന്നും മോദി സമുദായത്തിലുള്ള എല്ലാവരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് രാഹുലിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി കേസില്‍ വാദം കേട്ടു.

പൂര്‍ണേഷിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് 2022 മാര്‍ച്ചില്‍ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തതാണ്. സി.ഡി.യുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ പ്രതി ഹാജരുണ്ടാകണമെന്ന പരാതിക്കാരന്റെ ആവശ്യം വിചാരണക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാല്‍, ലഭ്യമായ തെളിവുകളില്‍ സംതൃപ്തനാണെന്ന് ഹൈക്കോടതിയെ ഇദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേ നീക്കി. 2023 ഫെബ്രുവരിയിലാണ് വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. മാര്‍ച്ച് 18-നാണ് വാദം പൂര്‍ത്തീകരിച്ചു. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോഴും 2021 ഒക്ടോബറില്‍ മൊഴിനല്‍കാനും രാഹുല്‍ഗാന്ധി നേരിട്ടെത്തിയിരുന്നു.

തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ചായിരുന്നു രാഹുലിന്റെ മൊഴി. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ രാഹുലിന്റെ ഈ വാദമൊന്നും കോടതിയില്‍ വിലപ്പോയില്ല. കോലാർ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീഡിയോഗ്രാഫറും ഉൾപ്പെടെയുള്ളവർ പരാതിക്കാരന് അനുകൂലമായി മൊഴി നൽകിയിരുന്നു.

കേസില്‍ അന്തിമ വാദം കേട്ടശേഷം ഐപിസി 499, 500 വകുപ്പുകൾ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എച്ച്എച്ച് വര്‍മ്മയാണ് വിധി പ്രസ്താവിച്ചത്. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവവും. 10000 രൂപ കെട്ടിവെച്ച്‌ കേസില്‍ ഇന്നുതന്നെ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. മേല്‍ക്കോടതി വിധി അനുസരിച്ചായിരിക്കും രാഹുലിന്റെ ലോക്‌സഭാംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാവുക.

കേസില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സാവകാശമാണ് രാഹുലിന് കോടതി അനുവദിച്ചത്‌. സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപി സ്ഥാനം നഷ്ടമാകും. ശിക്ഷാകാലാവധി കഴിഞ്ഞുള്ള ആറുവര്‍ഷം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ അയോഗ്യതയ്ക്കും സാധ്യതയുണ്ട്. ഇതോടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി രാഹുലിനും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാകും.

ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന്‌ ലണ്ടനില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് പറഞ്ഞ് ബിജെപി അദ്ദേഹത്തെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതിരിക്കുന്ന ഘട്ടത്തിലാണ് സൂറത്ത് കോടതിയുടെ വിധിയെന്നതും പ്രസക്തമാണ്. മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ തനിക്കെതിരേ ആരോപണം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ചട്ടം 357 പ്രകാരം സഭയില്‍ വ്യക്തിഗത വിശദീകരണത്തിന് അവകാശമുണ്ടെന്ന് കാണിച്ച് സ്പീക്കര്‍ക്കും രാഹുല്‍ കത്ത് നല്‍കിയിരുന്നു. ഇതില്‍ സ്പീക്കര്‍ തീരുമാനമെടുക്കാന്‍ ഇരിക്കെയാണ് മറ്റൊരു പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

റഫാല്‍ കേസുമായിബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗക്കീദാര്‍ ചോര്‍ ഹേ) പരാമര്‍ശത്തില്‍ നേരത്തെ കേസ് വന്നപ്പോള്‍ രാഹുല്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. കേസില്‍ രാഹുലിന്റെ മാപ്പ് അംഗീകരിച്ച കോടതി ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ കേസില്‍ സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പ് രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന് അപകീര്‍ത്തിക്കേസില്‍ ശിക്ഷ വിധിച്ച സൂറത്ത് കോടതിയുടെ വിധിയില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. എം.പി.യായതുകൊണ്ടുതന്നെ പരമാവധി ശിക്ഷ അര്‍ഹിക്കുന്നതായും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വര്‍മ വിധിയില്‍ വ്യക്തമാക്കി.

Content Highlights: What's the defamation case over Modi surname remark

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wrestlers protest

2 min

ഗുസ്തി താരങ്ങളുടെ സമരപ്പന്തല്‍ പൊളിച്ചു; അഹങ്കാരിയായ രാജാവ് അടിച്ചമര്‍ത്തല്‍ തുടങ്ങിയെന്ന്‌ രാഹുല്‍

May 28, 2023


Officer Pumped Out Water For 3 Days

1 min

ഫോണ്‍ വീണ്ടെടുക്കാന്‍ സംഭരണി വറ്റിച്ചു; 21 ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ തുക ഈടാക്കാന്‍ ഉത്തരവ്‌

May 30, 2023


suresh dhanorkar

1 min

കോണ്‍ഗ്രസ് എം.പി.സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു

May 30, 2023

Most Commented