ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഏറ്റവും വലിയ പരാജയം എന്തെന്ന് ട്വിറ്ററില്‍ പൊതുജനാഭിപ്രായം തേടിയാണ് രാഹുലിന്റെ പരിഹാസം.

ബി.ജെ.പി. സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയങ്ങള്‍ എന്തൊക്കെയാണ് എന്നതായിരുന്നു ട്വിറ്ററില്‍ രാഹുലിന്റെ ചോദ്യം. വോട്ട് ചെയ്യാനുള്ള നാല് ഓപ്ഷനുകളും രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തി. തൊഴിലില്ലായ്മ, നികുതി കൊള്ള, വിലക്കയറ്റം, വെറുപ്പിന്റെ രാഷ്ട്രീയം എന്നിവയാണ് രാഹുല്‍ മുന്നോട്ട് വെച്ച ഓപ്ഷനുകള്‍. 

ഒന്നരലക്ഷത്തോളം ട്വിറ്റര്‍ ഉപഭോക്താക്കളാണ് നിലവില്‍ ഈ പോളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പകുതിയോളം പേര്‍ നാലാമത്തെ ഓപ്ഷനായ വെറുപ്പിന്റെ രാഷ്ട്രീയത്തിലാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 

തൊഴിലില്ലായ്മയാണ് രണ്ടാമത്. 30 ശതമാനം ആളുകളാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറാണ് ട്വിറ്റര്‍ ഇത്തരം പോളുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയം.

Content Highlights: What's BJP's Biggest Shortcoming? Rahul Gandhi Posts Twitter Poll