പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം പരിഗണിക്കുന്നുണ്ട്. ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നത് സാധാരണക്കാരനെ എല്ലാ അര്‍ത്ഥത്തിലും ബാധിക്കുന്ന സാഹചര്യത്തില്‍, ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയെ പ്രതീക്ഷയോടെയാണ് പൊതുജനം നോക്കിക്കാണുന്നത്.
ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഒറ്റ നികുതി മാത്രമാണ് ഇൗടാക്കാന്‍ കഴിയുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി ഈടാക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ഒരു ലിറ്റര്‍ പെട്രോളിന് നൂറ് രൂപയാണ് വിലയെങ്കില്‍ കേന്ദ്രത്തിന് 32 രൂപയോളവും സംസ്ഥാനങ്ങള്‍ക്ക് 22 രൂപയോളവുമാണ് ടാക്‌സ് ഇനത്തില്‍ ലഭിച്ചിരുന്നത്. നിലവില്‍ 30.08 ശതമാനമാണ് കേരളം ടാക്‌സ് ഇനത്തില്‍ ഈടാക്കുന്നത്.
ഇന്ധനവില കുറഞ്ഞാല്‍
പെട്രോള്‍, ഡീസല്‍ വില ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണം സാധാരണക്കാരനാണ്. എണ്ണക്കമ്പനികളെ സംബന്ധിച്ച് പ്രത്യേക നഷ്ടമോ ലാഭമോ ഇതുകൊണ്ട് ഇല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതി സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നാണ് പോകുന്നത്. ഇന്ധനവില വര്‍ധനവ് സകല മേഖലയേയും ബാധിക്കുന്ന ഒന്നാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില, യാത്രാടിക്കറ്റ് നിരക്ക്, തുടങ്ങി എല്ലാ മേഖലയിലും വിലക്കയറ്റം തടയാന്‍ കഴിയും. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താങ്ങിനിര്‍ത്താന്‍ ഇത് സഹായകമാകും. കോവിഡ് കാലത്ത് തൊഴില്‍നഷ്ടവും വരുമാനത്തില്‍ ഇടിവും സംഭവിച്ച പൊതുജനത്തിന് ഇത് വലിയ സഹായമാകും.
സംസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണം
സാധാരണക്കാരന് ആശ്വാസമാകുന്ന തീരുമാനമായിട്ടും കേരളം ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ തീരുമാനത്തെ എതിര്‍ക്കുകയാണ്. ഇതിനുള്ള കാരണം വരുമാനം നഷ്ടപ്പെടുമെന്നത് മാത്രമാണ്. കൗണ്‍സില്‍ യോഗത്തില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിക്കാനും സമാനമായ നിലപാടുള്ള സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താനുമാണ് കേരളം ആലോചിക്കുന്നത്. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അധികാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ എന്തിനും ഏതിനും കൈനീട്ടേണ്ട അവസ്ഥയുണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ധനം, മദ്യം എന്നിവയിലാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാന്‍ കഴിയുക. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ശമ്പളം നല്‍കുന്നതിനും കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയ ആരോഗ്യമേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നത്. ഇതിന് പുറമേ കോവിഡ് സൃഷ്ടിച്ച വിവിധ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സംസ്ഥാനങ്ങള്‍ക്ക് ണം ആവശ്യമാണ്. നികുതി പിരിക്കാനുള്ള അധികാരത്തിന് മേല്‍ കടിഞ്ഞാണ്‍ വീഴുമ്പോള്‍ അത് സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും കേരളം അഭിപ്രായപ്പെടുന്നു.
എക്‌സൈസ് തീരുവയും പ്രത്യേക തീരുവയും ഉള്‍പ്പെടെ സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത നികുതി ഇനത്തില്‍ മാത്രം 30 രൂപയോളം കേന്ദ്രം ഈടാക്കുന്നുണ്ട്. അതോടൊപ്പം വില നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം കമ്പനികള്‍ക്ക് നല്‍കിയതുമാണ് വില വര്‍ധനവിന് കാരണമെന്നും കേരളം ആരോപിക്കുന്നു. ജി.എസ്.ടിയെ കേന്ദ്രം രാഷ്ട്രീയ ആയുധമാക്കുകയാണെന്നും സംസ്ഥാനങ്ങള്‍ ആരോപിക്കുന്നു.
Content Highlights: What if fuel price is included in GST limits and why states oppose the move
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..