'ചിന്ത'യില്‍ തെളിഞ്ഞതെന്ത്.. രാഹുലില്‍ നിന്നും കോണ്‍ഗ്രസ് ഇനിയും പ്രതീക്ഷിക്കുന്നതെന്ത്?


കെ.പി നിജീഷ് കുമാര്‍

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതായിരുന്നു ചിന്തന്‍ ശിബരത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും രാഹുല്‍ഗാന്ധിയെ അധ്യക്ഷനാക്കുക എന്നതിനപ്പുറമുള്ള മോടി പിടിപ്പിക്കലിനൊന്നും ചിന്തന്‍ ശിബിരം തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം

രാഹുൽ ഗാന്ധി

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചികയാകുമെന്ന് കരുതിയിരുന്ന അഞ്ചിലങ്കത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയക്കുതിപ്പ് നടത്തിയതിന് ശേഷം ഇനിയെന്ത് എന്ന അതി ഗൗരവമായ ചര്‍ച്ചയിലായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നേറ്റം ആവര്‍ത്തിക്കുകയും കോണ്‍ഗ്രസിനെ പിന്തള്ളി പഞ്ചാബില്‍ ആം ആദ്മി സഖ്യം അധികാരത്തില്‍ വരികയും ചെയ്തതോടെ ഇനിയുമെന്തെങ്കിലും ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് എന്നത് ചരിത്രമാവുമെന്ന തിരിച്ചറിവിലാണ് നേതൃത്വത്തെ രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തിലേക്ക് എത്തിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ഗാന്ധിയിലേക്ക് തന്നെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എത്തുമെന്ന സൂചന ചിന്തന്‍ ശിബരത്തിന് ശേഷം ഉയര്‍ന്ന് വരുമ്പോള്‍ എന്താണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് ഇനിയും പ്രതീക്ഷിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതായിരുന്നു ചിന്തന്‍ ശിബരത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും രാഹുല്‍ഗാന്ധിയെ അധ്യക്ഷനാക്കുക എന്നതിനപ്പുറമുള്ള മോടി പിടിപ്പിക്കലിനൊന്നും ചിന്തന്‍ ശിബിരം തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇത്ര വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്തും ഗാന്ധി കുടുംബമല്ലാതെ കോണ്‍ഗ്രസിനെ നയിക്കാന്‍ മറ്റാരുമില്ലെന്ന ചിന്തയിലാണ് ചിന്തന്‍ ശിബിരം സമാപിച്ചത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതില്‍ രാഹുല്‍ കൃത്യമായി ഒന്നും പറഞ്ഞില്ലെങ്കിലും പാര്‍ട്ടിയുടെ നായകന്‍ രാഹുല്‍ തന്നെ ആയിരിക്കുമെന്ന് വ്യക്തമായ സൂചന നല്‍കുന്നുമുണ്ട് ചിന്തന്‍ ശിബിരം. സ്വയം നവീകരണത്തിലൂടെ മാത്രമേ അല്ലെങ്കില്‍ ജനങ്ങളുമായുള്ള ബന്ധം വീണ്ടും കൂട്ടിയോചിപ്പിക്കുന്നതിലൂടെ മാത്രമേ കോണ്‍ഗ്രസിന് തിരിച്ച് വരാന്‍ കഴിയൂവെന്ന് രാഹുല്‍ സൂചന നല്‍കുമ്പോള്‍ അത് എങ്ങനെയായിരിക്കണമെന്ന വ്യക്തമായ ഉത്തരം നല്‍കുന്നുമില്ല.

പ്രായപരിധി, ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് ഒരു സീറ്റ് എന്നതിലൊക്കെ വിട്ടുവീഴ്ച ചെയ്ത് സമൂലമായ മാറ്റത്തിന്റെ പ്രതീതിയുണ്ടാക്കിയന്നതിനപ്പുറം ശിബിരത്തില്‍ ഒന്നും സംഭവിച്ചില്ല എന്നതാണ് സത്യം. ആദ്യം കേട്ട പാര്‍ലമെന്ററി ബോര്‍ഡ് അന്തിമതീരുമാനത്തില്‍ ഉണ്ടായില്ല. ഉദയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരണമെന്ന മുതിര്‍ന്ന നേതാക്കളുടെ ആവശ്യം നിര്‍ദേശമായി അംഗീകരിച്ചുവെന്നതിന് അപ്പുറം തീരുമാനമുണ്ടായില്ല. ഈ പദവയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണോ, അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കണോ, അതേ പാര്‍ട്ടി അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യണമോ എന്ന തര്‍ക്കമാണ് തീരുമാനം ആവാതെ പോയത്. പാര്‍ട്ടിയില്‍ യുവജനങ്ങളുടെ വലിയ പിന്തുണ രാഹുലിന് ലഭിക്കുന്നുണ്ടെങ്കിലും മോദിക്ക് ഒത്ത എതിരാളി ആയി വളരാനാവുന്നില്ല എന്നതാണ് രാഹുലിന്റെ പരാജയം. പ്രതിപക്ഷത്തിന്റെ നേതൃപദവിക്കായി മമതയും കെജ്‌രിവാളും കെസിആറും കരുനീക്കുകയുമാണ്. ഇതിനിടയില്‍ കൂടി വേണം രാഹുലിന് ഒന്നില്‍ നിന്ന് തുടങ്ങാന്‍.

രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ച് മുങ്ങുന്ന രാഹുലിന് എങ്ങനെ ഇത്രയും ക്ലേശകരമായ അവസ്ഥയില്‍ നിന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനാവുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യം മുഴുവന്‍ ഓടിയിട്ടും രാഹുലിന് പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല എന്നത് സത്യമാണ്. ആ സാഹചര്യത്തില്‍ നിന്ന് ഏറെ പിന്നോട്ടല്ലാതെ ഇതുവുരെ കോണ്‍ഗ്രസിന് മുന്നോട്ട് പോവാനായിട്ടില്ല. ഈയൊരു അവസ്ഥയില്‍ രാഹുലിന് മാത്രം എന്ത് ചെയ്യാനാവുമെന്നാണ് ഉയര്‍ന്ന് വരുന്ന ചോദ്യങ്ങള്‍.

2017 -ല്‍ ആയിരുന്നു രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കോണ്‍ഗ്രസ് ചെറുപ്പത്തിന്റെ കൈയ്യിലെത്തിയതില്‍ വലിയ പ്രതീക്ഷ വന്നകാലം. ആദ്യ പരീക്ഷണം ഗുജറാത്ത് തിരഞ്ഞെടുപ്പ്. നോട്ട് നിരോധനം, ജി.എസ്.ടി, പട്ടേല്‍ പ്രക്ഷോഭം എന്നിവയെല്ലാം ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. ഗുജറാത്തില്‍ ഏറെ വിയര്‍ത്തെങ്കിലും ഭൂരിപക്ഷം തികച്ച് ബിജെപി അധികാരം നിലനിര്‍ത്തി. ഇതേ സമയത്ത് നടന്ന ഹിമാചല്‍ തിരഞ്ഞെടുപ്പിലും ജനം ബിജെപിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ചു. രാഹുല്‍ഗാന്ധിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെ കോണ്‍ഗ്രസ് നോക്കി കാണുമ്പോള്‍ ബി.ജെ.പി അവരുടെ മുന്നേറ്റം നടത്തിയതെല്ലാം രാഹുല്‍ഗാന്ധിയുടെ കൈയില്‍ പാര്‍ട്ടി എത്തിയതിന് ശേഷമാണ്‌ എന്ന യാഥാര്‍ഥ്യം തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാവും.

കോണ്‍ഗ്രസിന് എന്നും സേഫ് എന്ന് കരുതിയ പഞ്ചാബില്‍ പോലും പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത് രാഹുലിന്റ അപക്വമായ ഇടപെടലായിരുന്നുവെന്നാണ് രാഷ്ട്രീയ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് ജനം ചുട്ടമറുപടി നല്‍കിയിട്ടും പഞ്ചാബിലെ ജനം കോണ്‍ഗ്രസിനെ തള്ളി എഎപിയെ വിശ്വാസത്തിലെടുത്തു. പഞ്ചാബ് പിസിസി സ്ഥാനത്തേക്ക് നവജ്യോത് സിങ്ങിനെ നിയോഗിച്ചതും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റിയതും രാഹുലിന്റെ ഇടപെടലായിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പെ ദളിത് വോട്ടില്‍ കണ്ണുവച്ച് ചന്നിയെ മുഖ്യമന്ത്രിയായി നിയോഗിച്ചതും രാഹുലിന്റെ തെറ്റായ തീരുമാനമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന് ഈ അപക്വമായ തീരുമാനം പുറത്തേക്കുള്ള വഴി കാണിക്കുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെ എ.എ.പി പഞ്ചാബില്‍ ഭരണം പിടിച്ചത് കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിന് ശേഷം ചെറുതായൊന്നുമല്ല ഞെട്ടിച്ച് കളഞ്ഞത്.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ണായിരുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനുണ്ടായ വംശ നാശത്തിനും വലിയ കഥയുണ്ട് പറയാന്‍. രണ്ടു ശതമാനമായി കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറഞ്ഞപ്പോള്‍ അവിടെ നിന്ന് അമേഠി സേഫല്ലെന്ന് കണ്ട് വയനാട്ടിലേക്ക് വണ്ടിപിടിച്ച രാഹുല്‍ഗാന്ധിയെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം കണ്ടു. അമേഠിയില്‍ നിന്നും വയനാടില്‍ നിന്നും ജനവിധി തേടിയ രാഹുല്‍ഗാന്ധിയെ അമേഠിയില്‍ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത് വലിയ നാണക്കേടാണ് കോണ്‍ഗ്രസിനുണ്ടാക്കിയത്. പ്രിയങ്കാ ഗാന്ധി നേരിട്ടെത്തിയായിരുന്നു ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. എന്നിട്ട് പോലും കോണ്‍ഗ്രസിന് അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

രാഹുല്‍ഗാന്ധിയുടെ കൈയില്‍ പാര്‍ട്ടി എത്തിയപ്പോള്‍ തന്നെയാണ് മഹാരാഷ്ട്രയില്‍ പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത്. 2017-ല്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയര്‍ന്നെങ്കിലും നാടകീയ സംഭവ വികാസങ്ങള്‍ക്ക് ഒടുവില്‍ ബി.ജെ.പി അധികാരത്തിലെത്തുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. പിന്നീട് അങ്ങോട്ട് കോണ്‍ഗ്രസിന് അവിടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലയെന്നതാണ് യാഥാര്‍ഥ്യം.

മധ്യപ്രദേശില്‍ ദിഗ് വിജയ് സിങ്ങും കമല്‍നാഥിനും പ്രായം വെല്ലുവിളിയാണ്. ജ്യോതിരാദിത്യയെ ഒതുക്കാന്‍ കമല്‍നാഥും ദിഗ് വിജയ് സിങ്ങും കൈകോര്‍ത്തതോടെയാണ് അദ്ദേഹം ഒരുപറ്റം എംഎല്‍എമാരുമായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറുകയും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തത്. ബിഎസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസിന് മധ്യപ്രദേശ് കൈമോശം വന്നത് പാര്‍ട്ടിയിലെ ഉള്‍പ്പോര് ഒന്നുകൊണ്ട് മാത്രമാണ്.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടും ഭൂപേഷ് ബാഗേലും പാര്‍ട്ടിക്കുള്ളില്‍ വെല്ലുവിളി നേരിടുന്നു. സച്ചിന്‍ പൈലറ്റ് തന്റെ വിശ്വസ്തരായ എംഎല്‍എമാരുമായി ഡല്‍ഹിക്ക് വണ്ടി കയറി. തക്കം പാര്‍ത്ത ബിജെപി ചടുലനീക്കങ്ങള്‍ നടത്തിയെങ്കിലും തന്ത്രശാലിയായ അശോക് ഗഹലോത്ത് കഷ്ടിച്ച് സര്‍ക്കാരിനെ രക്ഷിച്ചു. അതില്‍ കോണ്‍ഗ്രസ് ഒരു പക്ഷേ കടപ്പെട്ടിരിക്കുന്നത് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധ രാജെയോടാണ്. സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്ര താത്പര്യം കാണിക്കാതിരുന്ന വസുന്ധരയുടെ നിലപാടാണ് ബിജെപിയുടെ നീക്കം തകര്‍ത്തതും കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിച്ചതും. അടുത്ത വര്‍ഷം ഈ രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പരാജയം ഇല്ലാതാക്കാന്‍ എന്ത് മാജിക്കാണ് രാഹുല്‍ കാണിക്കുകയെന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

കേരളത്തിലും തിരിച്ചുവരവ് സ്വപ്നം കണ്ടു രാഹുല്‍ പടനയിച്ചിരുന്നു. പക്ഷേ സംഭവിച്ചത് പിണറായിയുടെ തുടര്‍ഭരണമാണ്. ചുരുക്കി പറഞ്ഞാല്‍ ഇന്ന് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരമുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രം. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തമിഴ്നാട്ടിലും അധികാരത്തില്‍ ഇടമുണ്ട് എന്ന ആശ്വാസം മാത്രം. സംഘടനയില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ദുരവസ്ഥ. ആകെ നോക്കിയാല്‍ തിരിച്ചുവരവിന് തത്കാലം എന്തെങ്കിലും രാഷ്ട്രീയ സാഹചര്യമുള്ളത് കര്‍ണാടകത്തില്‍ മാത്രമാണ്.

രാഹുലിന്റെ തിരിച്ച് വരവിന് വേണ്ടി വാദിക്കുമ്പോള്‍ കോണ്‍ഗ്രസിലെ ജി 23 സംഘം ഈ തിരിച്ചുവരവിനെ ഉള്‍ക്കൊള്ളുമോ അതിന് തയ്യാറാവുമോ എന്നതാണ് കണ്ടറിയേണ്ടത്. ഹിന്ദുത്വ അജന്‍ഡയും മോദിയുടെ പ്രതിഛായയും ബിജെപി നന്നായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. അത് തന്നെയാണ് ഭരണ വിരുദ്ധ വികാരമുണ്ടായിട്ടും ബിജെപി വിജയം ആവര്‍ത്തിക്കുന്നത്. അവിടെ കേവലം ട്വീറ്റുകള്‍ കൊണ്ടോ പരിഹാസങ്ങള്‍ കൊണ്ടോ നേരിടാനാവുമോയെന്നും എന്നുമുള്ള ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പദയാത്രയ്ക്ക് ഒരുങ്ങുകയാണ് രാഹുല്‍. ഈ യാത്ര പാര്‍ട്ടിയെ രക്ഷിക്കുമോ. രാഹുലിന്റെ ഗതി നിര്‍ണയിക്കുന്ന യാത്ര കൂടിയാണത്. ഒരുതരത്തില്‍ പറഞ്ഞാല്‍ ലാസ്റ്റ് ബസ്


Content Highlights: What Congress Expect from Rahul Gandhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented