കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം സ്വന്തമാക്കിയ ബിജെപിക്കും സഖ്യമായി മത്സരിച്ച ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ടിനും തിരിച്ചടി കിട്ടി. മൂന്നിടങ്ങളിലും മൂന്നാം സ്ഥാനത്തായി

അതേ സമയം ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റില്‍ ബിജെപി വിജയിച്ചു. ബിജെപിയുടെ സിറ്റിങ്‌ സീറ്റായ പിത്തോര്‍ഗഢില്‍ കോണ്‍ഗ്രസിന്റെ അഞ്ജു ലൂന്തിയെ 3267 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി ചന്ദ്ര പാന്ത് പരാജയപ്പെടുത്തിയത്.

കലിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂലിന്റെ സിറ്റിങ് സീറ്റ്. ഖരഗ്പുര്‍ ബിജെപിയുടേയും കലിയഗഞ്ച്, കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റാണ്. 

കലിയഗഞ്ചിലും രഗ്പുറിലും ആദ്യമായിട്ടാണ് ഒരു തൃണമൂല്‍ സ്ഥാനാര്‍ഥി ജയിക്കുന്നത്. 2304 വോട്ടിനാണ് കലിയഗഞ്ചില്‍ തൃണമൂലിന്റെ തപന്‍ ദേവ് സിന്‍ഹ ജയിച്ചത്. ബിജെപിയാണ് രണ്ടാമത്‌. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്ന സീറ്റായിരുന്നെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്  ഈ മണ്ഡലത്തില്‍ 57000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രമതനാഥ് റായ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

കരിംപുറില്‍ 23650 വോട്ടുകള്‍ക്കും ഖരഗ്പുര്‍ സദറില്‍ 20788 വോട്ടുകള്‍ക്കും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു. തൃണമൂലിന്റെ തീപ്പൊരി നേതാവ് മെഹുവ മൊയ്ത്രയെ ലോക്‌സഭാ അംഗമായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് കരിംപുറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ധാരണ അനുസരിച്ച് കലിയഗഞ്ചിലും ഖരഗ്പൂര്‍ സദറിലും കോണ്‍ഗ്രസും കരിംപൂരില്‍ സിപിഎം സ്ഥാനാര്‍ഥിയുമാണ് മത്സരിച്ചത്‌.

ബിജെപിയുടെ സിറ്റിങ് സീറ്റായ ഖരഗ്പൂര്‍ സദര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദിലിപ് കുമാര്‍ ഘോഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. 

Content Highligts: West Bengal, Uttarakhand bye-election results 2019