കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ രണ്ടാമത്തെ ബിജെപി എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ബിഷ്ണുപുര്‍ എംഎല്‍എ തന്‍മയ് ഘോഷ് തൃണമൂലിലെത്തിയതിന് പിന്നാലെ ഇന്ന് ബിശ്വജിത് ദാസാണ് പാര്‍ട്ടി വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലെത്തിയത്. 

'ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അസന്തുഷ്ടിയും അസ്വസ്ഥതയുമാണുള്ളത്. ഞാനെന്റെ തെറ്റ് മനസ്സിലാക്കി തിരിച്ചുവന്നു', ബിശ്വജിത് ദാസ് പ്രതികരിച്ചു.

നേരത്തെ രണ്ടു തവണ തൃണമൂല്‍ എംഎല്‍എ ആയിരുന്നിട്ടുള്ള ബിശ്വജിത് ദാസ് ബോങ്കോണില്‍ നിന്നാണ് മത്സരിച്ചിരുന്നത്. മുകുള്‍ റോയ് അടക്കം ഇത് മൂന്നാമത്തെ ബിജെപി എംഎല്‍എയാണ് തൃണമൂലിലേക്ക് തിരിച്ചെത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തൃണമൂലില്‍ നിന്ന് നേതാക്കളുടെ ഒഴുക്കായിരുന്നു ബിജെപിയിലേക്കെങ്കില്‍ ഇപ്പോള്‍ നേരെ തിരിച്ചാണ് ഒഴുക്ക്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ 72 എംഎല്‍എമാർ മാത്രമേ അവര്‍ക്കുള്ളൂ. എംപി സ്ഥാനം നിലനില്‍ക്കേ മത്സരിച്ച് ജയിച്ച രണ്ടു ബിജെപി എംഎല്‍എമാര്‍ പിന്നീട് രാജിവെച്ചിരുന്നു.

ഇതിനിടെ മുകുള്‍ റോയിയുമായി അടുത്തുനില്‍ക്കുന്ന നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും വരുംദിവസങ്ങളില്‍ തൃണമൂലിലേക്ക് എത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.