കൊല്‍ക്കത്ത: വിധാൻ പരിഷത്ത് (ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍) രൂപവത്കരിക്കാനുള്ള നീക്കവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ രൂപവത്കരണത്തിനായുള്ള പ്രമേയം നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബി.ജെ.പിയുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചാണ് സഭ പ്രമേയം പാസാക്കിയത്. 265 എം.എല്‍.എമാരില്‍ 196 പേര്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അഥവാ വിധാന്‍ പരിഷത്ത് വേണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 69 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.

അതേസമയം വിധാന്‍ പരിഷത്ത് രൂപവത്കരണ നീക്കത്തിന് നിയമസാധുതയില്ലെന്നും ഉപതിരഞ്ഞെടുപ്പ് നടത്താതെ മമതാ ബാനര്‍ജിയെ നിയസഭയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. നേരത്തെ പശ്ചിമബംഗാളിന് വിധാന്‍ പരിഷത്ത് ഉണ്ടായിരുന്നു. എന്നാല്‍ 1969-ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ ഈ സംവിധാനം റദ്ദാക്കി. വിധാന്‍ പരിഷത്ത് പുനഃസ്ഥാപിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. 

നിയമസഭ പ്രമേയം പാസാക്കിയെങ്കിലും ഗവര്‍ണറുടെ ശുപാര്‍ശയും പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അനുമതിയും വിധാന്‍ പരിഷത്ത് രൂപവത്കരണത്തിന് ആവശ്യമാണ്. രാഷ്ട്രപതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

വിധാന്‍ പരിഷത്ത് രൂപവത്കരണത്തിന് അനുകൂല മറുപടി ലഭിക്കാത്തപക്ഷം അത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയാകും. കാരണം മമതാ ബാനര്‍ജി നിലവില്‍ പശ്ചിമ ബംഗാള്‍ നിയമസഭാംഗമല്ല എന്നതു തന്നെ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനത്തു തുടരണമെങ്കില്‍, സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനകം മമതയ്ക്ക് നിയമസഭാംഗത്വം നേടണം. ഈ ആറുമാസ കാലാവധി ഒക്ടോബറില്‍ അവസാനിക്കും.

കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ഈ സമയത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന സംശയവുമുണ്ട്. സംസ്ഥാനത്ത് വിധാന്‍ പരിഷത്ത് രൂപവത്കരിക്കപ്പെടുന്ന പക്ഷം മമതയെ അവിടേക്ക് നാമനിര്‍ദേശം ചെയ്യാനാകും. അങ്ങനെയെങ്കില്‍ ഉപതിരഞ്ഞെടുപ്പ് വൈകിയാലും അത് മമതയ്ക്ക് ഭീഷണിയാകില്ല. മമതാ സര്‍ക്കാരിലെ ധനമന്ത്രി അമിത് മിത്രയും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. നിലവില്‍ ബംഗാള്‍ നിയമസഭയിലെ ഏഴ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിധാന്‍ പരിഷത്ത് രൂപവത്കരണ നീക്കത്തിന് ഡല്‍ഹിയില്‍നിന്ന് പച്ചക്കൊടി കിട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.

content highlights: west bengal passes resolution to form legislative counsil