കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാള്‍ റാലി. സര്‍ക്കാര്‍ എന്ന നിലയില്‍ ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും പ്രധാനമന്ത്രി വിമര്‍ശമുയര്‍ത്തി. ബംഗാളിലെ ഹൂഗ്ലിയില്‍ വിവിധ റെയില്‍വേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ഈ മാസം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.
'ബംഗാളിലെ ജനങ്ങള്‍ മാറ്റത്തിനായി തയ്യാറായി. സമഗ്രമായ മാറ്റമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജപി സര്‍ക്കാര്‍ രൂപപ്പെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം. താമര യഥാര്‍ഥ മാറ്റം കൊണ്ടുവരും', ആ മാറ്റമാണ് യുവജനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
വലിയ വികസനപദ്ധതികള്‍ക്കുള്ള ചുവടുവെയ്പ്പാണ് ഇന്ന് ബംഗാളില്‍ നടക്കുന്നത്. ഇതിന് മുന്‍പ് പാചകവാതക പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് താന്‍ ബംഗാളില്‍ വന്നതെങ്കില്‍ ഇന്ന് റെയില്‍-മെട്രോ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കാനായാണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പേ ചെയ്യേണ്ട പദ്ധതികളാണ് ഇവയെല്ലാം. പക്ഷെ അത് സംഭവിച്ചില്ല. ഇനിയും ഇത്തരം പദ്ധതികള്‍ വൈകാന്‍ പാടില്ല. റെയില്‍-മെട്രോ ഗതാഗത പദ്ധതികളിലാണ് ഈ വര്‍ഷം സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വന്‍തുക ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
'പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് സാമ്പത്തിക സഹായം എത്തിച്ചു. എന്നാല്‍ ബംഗാളിലാവട്ടെ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളൊന്നും പാവപ്പെട്ടവരിലേക്കെത്തുന്നില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാക്കളാണ് പണക്കാരാവുന്നത്.'
'സംസ്ഥാനത്ത് പദ്ധതികളെല്ലാം തകര്‍ന്ന നിലയിലാണുള്ളത്. വന്ദേ മാതരം രചിച്ച ബങ്കീം ചന്ദ് ചാറ്റര്‍ജിയുടെ സ്ഥലം പോലും ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള ഗാനം രചിച്ച സ്ഥലം പോലും സൂക്ഷിക്കാന്‍ സാധിക്കാത്തത് സംസ്ഥാനത്തിന് അപമാനമാണ്. ഇതിലെല്ലാം രാഷ്ട്രീയം ചേര്‍ന്നിരിക്കുന്നു. വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Content Highlights: West Bengal made up its mind for 'poriborton' : PM Modi