സി.വി ആനന്ദബോസും മമത ബാനർജിയും | File Photo - ANI
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിന്റെ നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച് ബിജെപി എംഎല്‍എമാര്‍. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടാണ് മുദ്രാവാക്യം മുഴക്കിയും പേപ്പറുകള്‍ വലിച്ചെറിഞ്ഞും പ്രതിപക്ഷം പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രതിപക്ഷ ബഹളം അവഗണിച്ചും ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നതോടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ വായിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ഇതുവരെ സംസ്ഥാനം ഭരിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഴിമതിയെക്കുറിച്ചോ അറസ്റ്റിലായ നേതാക്കളെക്കുറിച്ചോ പ്രസംഗത്തില്‍ യാതൊരു പരാമര്‍ശവും നടത്താത്ത സാഹചര്യത്തിലാണ് ഇറങ്ങിപ്പോക്ക് നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. സഭാ നടപടികള്‍ ബിജെപി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഗവര്‍ണര്‍ ആനന്ദബോസ് പ്രശംസിച്ചതിലുള്ള അതൃപ്തി സംസ്ഥാന ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം പരസ്യമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയോടും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനോടും മമതയെ ആനന്ദബോസ് ഉപമിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
Content Highlights: West Bengal governor CV Ananda Boss Mamata Banerjee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..