ഫിർഹാദ് ഹക്കീം മാധ്യമങ്ങളോട് പ്രതികരിക്കുന്നു | photo: ANI
കൊല്‍ക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ (ബി.എസ്.എഫ്) ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ നഗരവികസനകാര്യ മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ഹക്കീമും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ത ചാറ്റര്‍ജിയും ഉള്‍പ്പെടെയുള്ള തൃണമൂല്‍ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ബി.ജെ.പി നേതൃത്വം അതിര്‍ത്തി പ്രദേശത്തെ ഗ്രാമങ്ങളിലേക്ക് ബി.എസ്.എഫ് ഉദ്യോഗസ്ഥരെ അയച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹക്കീം മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം ബിഎസ്എഫ് തള്ളി.
തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ബി.ജെ.പി സാമുദായിക വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബംഗ്ലാദേശികളും റോഹിംഗ്യകളും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന ബി.ജെ.പിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുന്നതാണെന്ന് കമ്മീഷനെ അറിയിച്ചതായും ഹക്കീം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ ജനതയെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം. സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് തൃണമൂല്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: West Bengal election: 'BSF threatening people to vote for BJP,' claims TMC's Firhad Hakim; complaints to EC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..