കൊല്‍ക്കത്ത:ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കൊറോണ വൈറസ് മൊബൈൽ ഫോണുകളിലൂടെ പടരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ്-19 രോഗികള്‍ നിറഞ്ഞ ഒരു ആശുപത്രി വാര്‍ഡില്‍ രണ്ടു മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യം വൈറലായതിന്റെ പേരിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു. 

ഡോക്ടര്‍മാരും, നഴ്‌സുമാരും, ആരോഗ്യപ്രവര്‍ത്തകരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ സിന്‍ഹ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡുകളിലെ രോഗികളുടെ ഉപയോഗത്തിനായി ലാന്‍ഡ് ലൈനും ഇന്റര്‍കോമും സജ്ജീകരിച്ചിതായും അദ്ദേഹം അറിയിച്ചു. 

വൈറലായ വീഡിയോ ചിത്രീകരിച്ചത് കൊല്‍ക്കത്തയിലെ നോഡല്‍ ആശുപത്രികളിലൊന്നായ എംആര്‍ ബങ്കൂരിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന കോവിഡ് 19 രോഗിയാണ്. വൈദ്യസഹായത്തിനായി മറ്റുരോഗികള്‍ കാത്തിരിക്കുകയും നിരവധി പേര്‍ അതുവഴി കടന്നുപോവുകയും ചെയ്യുന്ന ഇടത്ത് രണ്ടു മൃതദേഹങ്ങള്‍ കിടക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. 

ഇതിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ബാബു സുപ്രിയോ ട്വീറ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായിട്ടും ഈ വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നോട്ടുവന്നില്ലെന്നും അതിനാല്‍ ഇത് യഥാര്‍ഥ വീഡിയോ ആണെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നുമാണ് സുപ്രിയോ ട്വീറ്റ് ചെയ്തത്. 

വീഡിയോ ചിത്രീകരിച്ച രോഗി പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയെന്നും എന്നാല്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും സുപ്രിയോ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. 

വീഡിയോ വ്യാജമാണോ അല്ലയോ എന്ന് ആദ്യം പരിശോധിക്കണമെന്നും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതില്‍ ബിജെപി വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞത്.

Content Highlights: West Bengal banned Mobile phones in Hospitals