ചെന്നൈ/കൊല്‍ക്കത്ത:  തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഭരണത്തുടര്‍ച്ചയ്ക്കായി അവസാന വട്ട ശ്രമങ്ങളുമായി സര്‍ക്കാരുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്വര്‍ണപ്പണയ വായ്പകള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചു.

ബംഗാള്‍, തമിഴ്‌നാട്, അസം,കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി വെള്ളിയാഴ്ച നാലര മണിക്ക് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാവിലെ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാരുകൾ പ്രഖ്യാപനങ്ങൾ നടത്തിയത്. 

സംസ്ഥാനത്തെ സ്വര്‍ണപ്പണയ വായ്പകള്‍ എഴുതിത്തള്ളുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിയാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. സഹകരണ ബാങ്കുകളില്‍ കര്‍ഷകരും പാവപ്പെട്ടവരും പണയം വെച്ചിരിക്കുന്ന ആറ് പവന്‍ വരെയുള്ള സ്വര്‍ണ പണയത്തിനാണ് ഇളവ് ലഭിക്കുന്നത്. 

ദിവസ വേതനക്കാര്‍ക്കുള്ള അടിസ്ഥാന വേതനം വര്‍ധിപ്പിക്കുമെന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്.  

അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം  144 നിന്ന് 202 ആയും കുറഞ്ഞ വൈദ്യഗ്ധ്യമുള്ളവര്‍ക്ക് 172 ല്‍ നിന്ന്  303 ആയും വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് 404 രൂപയായും ആണ് വേതനം വര്‍ദ്ധിപ്പിച്ചത്. 

Content Highlight: West Bengal announces a hike for daily-wage Tamil Nadu introduces gold-loan waiver