70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ചീറ്റയെത്തുന്നു; കൊണ്ടുവരുന്നത് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍


പ്രത്യേക ലേഖകന്‍

കൊണ്ടു വരുന്നത് പ്രത്യേക വിമാനത്തില്‍ ,30 ദിവസം ക്വാറന്റയിന്‍, മനുഷ്യരെ ആക്രമിക്കാറില്ലെന്ന് വനം മന്ത്രാലയം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റ എത്തുന്നു. രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശം വന്നതായി 1952-ല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം 70 എഴുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ശനിയാഴ്ച എട്ട് ചീറ്റകളെ നമീബിയയില്‍ നിന്ന് കൊണ്ടു വരുന്നത്. ചീറ്റകളെ സ്വീകരിക്കാന്‍ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

അഞ്ച് ആണ്‍ ചീറ്റകളും 3 പെണ്‍ ചീറ്റകളുമാണ് ഇന്ത്യയിലെത്തുന്നത്.തന്റെ ജന്‍മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ ക്വാറന്റീന്‍ സംവിധാനത്തിലേക്ക് തുറന്നുവിടുകയെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. 30 ദിവസത്തെ ക്വാറന്റീന് ശേഷം നാഷണല്‍ പാര്‍ക്കിന്റെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക മേഖലയിലേക്ക് തുറന്നു വിടും.

ജൈവവൈവിധ്യങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനും വംശനാശം വരുന്ന ജീവികളുടെ പരിപാലനം ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റകളെ തിരിച്ചു കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് വനം മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള പദ്ധതിക്ക് 91 കോടി രൂപയാണ് കേന്ദ്രം ചെലവിടുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി(ഐ.യു.സി.എന്‍)ന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് ചീറ്റകളെ കൊണ്ടു വരുന്നത്്. ചീറ്റകളെ നമീബിയയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ജയ്പൂര്‍ വിമാനത്താവളത്തില്‍ കൊണ്ടു വരും.തുടര്‍ന്ന് ഹെലികോപ്ടറില്‍ കുനോയിലേക്ക് കൊണ്ടു പോകും. ഇന്ത്യയിലെയും നമീബിയയിലെയും ആറ് വിദഗ്ധര്‍ ചീറ്റകള്‍ക്കൊപ്പമുണ്ടാകും. ചീറ്റകളെ മയക്കാതെയാണ് വിമാനത്തില്‍ കൊണ്ടു വരുന്നത്.എന്നാല്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ഉദ്യോഗസ്ഥര്‍ കൈക്കൊണ്ടിട്ടുണ്ട്.

തുറന്നു വിടാന്‍ മൂന്ന് ഘട്ടങ്ങള്‍

ചീറ്റകളെ കുനോ ഉദ്യാനത്തില്‍ തുറന്നു വിടാന്‍ മൂന്നുഘട്ടംനടപടികളുണ്ട്. ശനിയാഴ്ച എത്തുന്ന എട്ട് ചീറ്റകളെ 30 ദിവസം ക്വാറന്റയിനില്‍ സൂക്ഷിക്കും. അസുഖങ്ങളോ അണുബാധകളോ മറ്റ് ആരോഗ്യപ്രശ്ങ്ങളോ ബാധിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കും. ഇതിനായി ഉദ്യാനത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവുള്ള പ്രദേശത്ത് തുറന്നു വിടും. ഈ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്നാണ് ഉദ്യാനത്തിലെ വിശാല മേഖലയിലേക്ക് തുറന്നു വിടുന്നത്.കോളര്‍ ഘടിപ്പിച്ചാണ് ചീറ്റകളെ തുറന്നു വിടുന്നത്.

24 ഗ്രാമങ്ങള്‍ പുനരധിവസിപ്പിച്ചു

ചീറ്റകളെ പുനരധിവസിപ്പിക്കാന്‍ പര്യാപ്തമായ ദേശീയ ഉദ്യാനത്തിന് വേണ്ടി 2010 മുതല്‍ നടത്തിയ സര്‍വെയിലൂടെയാണ് കുനൊ നാഷണല്‍ പാര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചീറ്റകള്‍ക്ക് അധിവസിക്കാന്‍ പറ്റിയ കാലാവസ്ഥ, ഇരപിടിക്കാനുള്ള സംവിധാനം,ജലസ്രോതസ്സുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കുനോയാണ് ഉചിതമെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കുനോയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. 25 ഗ്രാമങ്ങള്‍ ഈ മേഖലയിലുണ്ടായിരുന്നു. ഇതില്‍ 24 ഗ്രാമങ്ങളെ മറ്റൊരിടത്ത് പുനരധിവസിപ്പിച്ചു. 184 കുടുംബങ്ങളുള്ള ഒരു ഗ്രാമം അതിര്‍ത്തിയില്‍ ഇപ്പോഴുണ്ട്. അവര്‍ക്ക് പ്രശ്നമുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചീറ്റകള്‍ സാധാരണ മനുഷ്യരെ ആക്രമിക്കാറില്ലെന്നും ചെറുമൃഗങ്ങളാണ് ഇവയുടെ ഇരകളെന്നും മന്ത്രാലയം പ്രതിനിധികള്‍ വിശദീകരിച്ചു. പ്രത്യേക മേഖലയില്‍ ഇരകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനപ്പുറം ചീറ്റകള്‍ അതിര്‍ത്തി ഗ്രാമത്തില്‍ കടന്നു കയറി ആടുമാടുകളെ പിടികൂടാനുള്ള സാധ്യത കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ അവസാനത്തെ 3 ചീറ്റകള്‍

ഇന്ത്യയില്‍ വംശനാശം വന്ന ചീറ്റകളുടെ പുനരവതരണവും ആഫ്രിക്കന്‍ ചീറ്റകളുടെ അവതരണവുമാണ് അഞ്ച് വര്‍ഷം നീളുന്ന പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് വനം മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചീറ്റകളെക്കുറിച്ച് പരാമര്‍ശമുണ്ട്. സംസ്‌കൃതത്തില്‍ ചിത്രക എന്നാണ് ചീറ്റകളെ വിളിച്ചിരുന്നത്. 1947 ലാണ് ഇന്ത്യയിലുണ്ടായിരുന്ന അവസാനത്തെ മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊരിയ ജില്ലയില്‍ വച്ച് രാമാനുജ് പ്രതാപ് സിംഗ് ദേവ് രാജാവ്് വേട്ടയാടി കൊന്നത്. തുടര്‍ന്ന് 1952 ല്‍ ഇന്ത്യയില്‍ വംശനാശം വന്ന വന്യമൃഗങ്ങളുടെ പട്ടികയില്‍ ചീറ്റകളെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി.

Content Highlights: Welcoming back the Cheetah, restoring lost heritage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented