കൊല്‍ക്കത്ത: കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാളെ ആശുപത്രിയിലെത്തിക്കാന്‍ ആരും മുന്നോട്ടു വരാന്‍ തയ്യാറാകാത്ത വിവരമറിഞ്ഞെത്തിയ തൃണമുല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അയാളെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചു. രോഗിയെ പിന്നിലിരുത്തി ബൈക്കോടിച്ചിരുന്ന നേതാവ് സുരക്ഷ ഉറപ്പു വരുത്താനുള്ള പിപിഇ കിറ്റ് ധരിച്ചിരുന്നത് കൗതുകമുണര്‍ത്തുന്ന കാഴ്ചയായി. തൃണമുല്‍ കോണ്‍ഗ്രസ് യുവജനവിഭാഗത്തിന്റെ ഗോപീബല്ലവ്പുരിലെ നേതാവായ സത്യകം പട്‌നായിക്കാണ് പിപിഇ കിറ്റ് അണിഞ്ഞ് അമല്‍ ബാരിക് എന്ന നാല്‍പത്തിമൂന്നുകാരനെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്.
ഇതരസംസ്ഥാന തൊഴിലാളിയായിരുന്ന അമല്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അഞ്ചാറ് ദിവസമായി കടുത്ത പനി അനുഭവപ്പെട്ട അമലിനെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ക്ക് ആംബുലന്‍സോ മറ്റു വാഹനമോ തരപ്പെടുത്താന്‍ സാധിച്ചില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ബുധനാഴ്ച വിവരമറിഞ്ഞതിനെ തുടര്‍ന്ന് സത്യകം ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ സന്നദ്ധനായി.
വിവരമറിഞ്ഞയുടനെ പാര്‍ട്ടി പ്രവര്‍ത്തകരോട് ബൈക്ക് സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയതായും സത്യകം പറഞ്ഞു. തുടര്‍ന്ന് തികങ്കളാഴ്ച സിജുവ ഗ്രാമത്തിലെ അമലിന്റെ വീട്ടിലെത്തി. അമലിന്റെ ഭാര്യയും രണ്ടു കുട്ടികളും ആശങ്കയിലായിരുന്നു. അമലിന്റെ കുടുംബാംഗങ്ങളെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷം അമലിനെ ഗോപിബല്ലവപുരിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചുവെന്ന് സത്യകം കൂട്ടിച്ചേര്‍ത്തു.
വിദഗ്ധപരിശോധന നടത്തിയ ഡോക്ടര്‍മാര്‍ അമലിന് മരുന്നുകള്‍ നല്‍കിയ ശേഷം വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സത്യകം അമലിനെ തിരികെ വീട്ടിലെത്തിച്ചു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത്യാവശ്യഘട്ടത്തിലുപയോഗിക്കുന്നതിനായി നാല് പിപിഇ കിറ്റുകള്‍ക്ക് കൂടി ഓഡര്‍ നല്‍കിയതായും സത്യകം കൂട്ടിച്ചേര്‍ത്തു. സത്യകം പിപിഇ കിറ്റ് ധരിച്ച് അമലുമായി പോകുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.