ന്യൂഡല്‍ഹി: വിശേഷദിവസങ്ങളില്‍ സ്ത്രീകള്‍ സാരി, കൂര്‍ത്ത-പൈജാമ എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആര്‍എസ്എസ്. പൊതു ജനങ്ങളെ ഇന്ത്യന്‍ മൂല്യങ്ങളും പാരമ്പര്യവും പഠിപ്പിക്കാനായി ആര്‍എസ്എസ് ആരംഭിച്ച കുടുംബ പ്രബോധന്‍ പരിപാടിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയാണ് ജനങ്ങളെ ബോധവത്ക്കരിക്കുന്നത്.
മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ചും ജന്മദിനങ്ങള്‍ ആഘോഷിക്കരുതെന്നും അത് വിദേശ സംസ്‌ക്കാരമാണെന്നും പഠിപ്പിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ക്രിക്കറ്റ്,രാഷ്ട്രീയം എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തരുതെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.
ഭക്ഷണം കഴിക്കും മുമ്പ് പ്രാര്‍ഥന ചൊല്ലണം,കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണം കഴിക്കണം,ആ സമയത്ത് ടെലിവിഷന്‍ കാണുന്നത് ഒഴിവാക്കണം എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.സ്ത്രീകളെ ബഹുമാനിക്കാന്‍ ശീലിക്കണമെന്നും ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടണമെന്നും വ്യക്തിത്വ വികസനത്തിന് സഹായകമാകുന്ന നല്ല പുസ്തകങ്ങള്‍ വായിക്കണമെന്നും സാമൂഹ്യസേവനത്തിന് ഗൃഹനാഥന്‍ തയ്യാറാകണമെന്നും പഠിപ്പിക്കുന്നുണ്ട്.
കുടുംബാംഗങ്ങളുടെ അഭിരുചികളെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ നിര്‍ദേശങ്ങളോട് നല്ല രീതിയിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെന്ന് ആര്‍എസ്എസ് ഭാരവാഹികള്‍ പറയുന്നു. 2019ല്‍ തെരഞ്ഞെടുപ്പ് സമയം വരെ ഈ ക്യാമ്പയിന്‍ തുടരാനാണ് ആര്‍എസ്എസിന്റെ തീരുമാനം.