ബിജ്‌നോര്‍ (യുപി): കരിമ്പ് തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്ന കര്‍ഷകര്‍ ഹെല്‍മെറ്റും നെക്ക്പാഡും അടക്കമുള്ളവ ധരിക്കണമെന്ന നിര്‍ദേശവുമായി യുപി വനംവകുപ്പ്. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാനാണിത്. കരിമ്പ് വിളവെടുപ്പുകാലം തുടങ്ങാനിരിക്കെ ബിജ്‌നോറിലെയും സമീപ ജില്ലകളിലെയും കര്‍ഷകര്‍ക്കാണ് വനംവകുപ്പ് അധികൃതര്‍ ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഈ വര്‍ഷം ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യത്തിലാണ് സുരക്ഷാ ബോധവത്കരണം വ്യാപകമാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റേഷന്‍ കടകളിലും ഗ്രാമീണ മേഖലകളിലും ഇതുസംബന്ധിച്ച പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

ഹെല്‍മെറ്റും നെക്ക് ഗാര്‍ഡും ധരിക്കുന്നതിന് പുറമെ കരിമ്പ് പാടത്ത് ജോലിചെയ്യുന്ന സമയത്ത് ഡ്രം മുഴക്കുകയോ മൊബൈലിലോ റേഡിയോയിലോ ഉറക്കെ പാട്ടുവെക്കുകയോ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബിജ്‌നോര്‍ ഡിഎഫ്ഒ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കരിമ്പ് പാടത്തേക്ക് കൂട്ടംചേര്‍ന്ന് പോകുകയും നായയെ ഒപ്പംകൂട്ടുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കരിമ്പിന്‍ തോട്ടത്തില്‍ വന്യമൃഗങ്ങളെ കണ്ടാല്‍ ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കണം. ഇതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ പോസ്റ്ററിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ സ്ഥലത്തെത്താന്‍ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

Content Highlights: Wear helmets while visiting sugarcane fields - UP forest department tells farmers