ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ പിന്തുണയ്ക്കുന്നതായി ഐക്യരാഷ്ട്ര സഭ പൊതുസഭ (യു.എൻ.ജി.എ) നിയുക്ത പ്രസിഡന്റ് അബ്ദുള്ള ഷാഹിദ്.

'സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. പൊതുസഭയുടെ പ്രസിഡന്റ് എന്ന നിലയില്‍ രാജ്യങ്ങളെ ഒന്നിച്ചുകൊണ്ടുവരികയെന്നതാണ് എന്റെ കര്‍ത്തവ്യം. സുരക്ഷാ സമിതി പരിഷ്‌കരണ നടപടിയില്‍ വിശാലമായ അഭിപ്രായഐക്യം തേടും'-അദ്ദേഹം പറഞ്ഞു.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനു ബുധനാഴ്ച ഇന്ത്യയിലെത്തിയതാണ് മാലെദ്വീപ് വിദേശകാര്യമന്ത്രി കൂടിയായ അബ്ദുള്ള ഷാഹിദ്. ഭീകരവാദത്തെ മഹാവിപത്തെന്നു വിളിച്ച അദ്ദേഹം അടുത്ത യു.എന്‍. സമ്മേളനത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞു. 
 
'ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഒട്ടേറെ ജീവനെടുത്ത ഭീകരവാദം മഹാവിപത്താണ്. ഏതെങ്കിലും മതത്തെയോ അതിര്‍ത്തികളോ അല്ലെങ്കില്‍ മനുഷ്വത്വമോ ഒന്നും ഭീകരവാദത്തിനറിയില്ല. ഭീകരവാദം തിന്മയാണ്. ഈ വിഷയം വിശാലമായി പരിഗണിക്കണം ചെയ്യണം'-ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 
 
ജൂണ്‍ ഏഴിനാണ് ഷാഹിദ് യു.എന്‍.ജി.എ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. അദ്ദേഹത്തിന്റെ നിയമനത്തിന് ഇന്ത്യ പിന്തുണ അറിയിച്ചിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രം, വ്യാപാരം, പ്രതിരോധമേഖല എന്നിവയിലുള്ള ചൈനീസ് അധിനിവേശത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ചൈനയില്‍നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഒട്ടേറെ ദ്വീപ് രാജ്യങ്ങള്‍ ബുദ്ധിമുട്ടുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഫോണില്‍ സംസാരിക്കും. അബ്ദുള്‍ ഷാഹിദിനു വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഔദ്യോഗിക വിരുന്നൊരുക്കും. വിവിധ അന്താരാഷ്ട്ര, പ്രാദേശിക, ഉഭയകക്ഷി വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്ന് വിദേശകര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ സഹായത്തോടെ മാലദ്വീപില്‍ നടപ്പാക്കാനിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറില്‍ ഇരുവരും ഒപ്പുവെക്കും.