തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികളെ തകര്‍ക്കുന്ന ശത്രുവാണെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. സ്‌നേഹത്തിന്റെയും അഹിംസയുടെയും മാര്‍ഗത്തിലൂടെ താന്‍ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. തിരുനെല്‍വേലി സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നമ്മളെല്ലാവരും ഒരു പ്രബലനായ ശത്രുവിനോടാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്ത് പണാധിപത്യം പുലര്‍ത്തുന്ന, എതിരാളികളെ തകര്‍ക്കുന്ന ശത്രുവിനോടാണ് നാം പോരാടുന്നത്. നാം ഇതിലും വലിയ ശത്രുവിനെ (ബ്രിട്ടീഷുകാരെ) തോല്‍പ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ആരാണ് നരേന്ദ്രമോദി? ഈ രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ തിരിച്ചയച്ചവരാണ്. അതേരീതിയില്‍ നാം മോദിയെ നാഗ്പുരിലേക്ക് തിരിച്ചയയ്ക്കും', രാഹുല്‍ പറഞ്ഞു.

'വലിയ സ്വപ്‌നങ്ങള്‍ കാണേണ്ടത് വളരെ പ്രധാനമാണ്. അവയില്‍ ചിലത് യാഥാര്‍ഥ്യമായില്ലെങ്കിലും', ബിജെപിയില്‍ നിന്ന് കേന്ദ്രാധികാരം പിടിച്ചെടുക്കുന്നത് എളുപ്പമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. 

Conent Highlights: we will send Narendra Modi back to Nagpur says Rahul Gandhi