സിംഗപുര്‍: കോണ്‍ഗ്രസിനെ നവീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങള്‍ വിഭാവനം ചെയ്യുന്ന മൂല്യങ്ങളോടു കൂടിയാവും പാര്‍ട്ടിയെ പുതുതായി അവതരിപ്പിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിംഗപ്പൂരില്‍ ത്രിദിന സന്ദര്‍ശനത്തിനിടെ വിവിധ കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യക്കാരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴാണ് കോണ്‍ഗ്രസിനെ നവീകരിക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ രാഹുല്‍ പങ്കുവച്ചത്. ബിജെപി ഭരണം സമൂഹത്തെ ധ്രുവീകരിക്കുന്നതിലൂടെ വലിയ വിപത്താണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമാധാനത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും ആശങ്കപ്പെടാന്‍ ബിജെപി തയ്യാറാവുന്നില്ല. സമൂഹത്തെ തുലനാവസ്ഥയില്‍ കൊണ്ടുപോകുന്ന സംവിധാനമായാണ് സമൂഹത്തെ കാണേണ്ടത്. എന്നാല്‍, ബിജെപി ഇക്കാര്യത്തില്‍ ബോധവാന്മാരാണെന്ന് തോന്നുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

2012ല്‍ വലിയ കൊടുങ്കാറ്റിനെയാണ് കോണ്‍ഗ്രസ് നേരിടേണ്ടിവന്നതെന്ന് 2ജി സ്‌പെക്ട്രം അഴിമതിയാരോപണത്തെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു. 2012നും 2014നുമിടയില്‍ വന്‍ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. പുതിയ അവസരമാണ് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന് പ്രതിസന്ധികളുണ്ട്. സമാധാനത്തിലധിഷ്ഠിതമായ മാറ്റമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അതില്‍ എല്ലാവരും ഭാഗഭാക്കാകുകയും ചെയ്യുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. 

content highlights:We will present a new Congress party, says Rahul Gandhi in Singapore