അഹമ്മദ് പട്ടേൽ |ഫോട്ടോ :സാബു സ്കറിയ മാതൃഭൂമി
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചനമറിയിച്ച് കോൺഗ്രസ് നേതാക്കൾ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെ തനിക്ക് നഷ്ടമായെന്നാണ് സോണിയാഗാന്ധി അഭിപ്രായപ്പെട്ടത്.
'അദ്ദേഹത്തിന്റെ വിശ്വസ്തതയും അര്‍പ്പണബോധവും ജോലിയൊടുളള പ്രതിബദ്ധതയും, സഹായത്തിനായി എല്ലായ്പ്പോഴും ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ മഹാമനസ്കതയും മറ്റുളളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്ന ഗുണങ്ങളായിരുന്നു.' സോണിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേലെന്ന് രാഹുൽ ഗാന്ധി ഓർമിച്ചു.
'ഇത് ദുഃഖകരമായ ഒരു ദിവസമാണ്. അഹമ്മദ് പട്ടേൽ കോൺഗ്രസ് പാർട്ടിയുടെ ഒരു നെടുംതൂണായിരുന്നു. അദ്ദേഹം കോൺഗ്രസിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്തു. പാർട്ടി ഏറ്റവും പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോഴും പാർട്ടിക്കൊപ്പം നിന്നു. അദ്ദേഹം വലിയൊരു മുതൽക്കൂട്ടായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ അഭാവം നേരിടേണ്ടിവരും. ഫൈസലിനോടും മുതാസിനോടും കുടുംബത്തോടും ഞാനെന്റെ സ്നേഹവും അനുശോചനവും അറിയിക്കുന്നു.' - ട്വിറ്ററിൽ രാഹുൽ കുറിച്ചു.
രാഹുലിന് പുറമേ പ്രിയങ്കാഗാന്ധിയും കുടുംബത്തിന് അനുശോചനമറിയിച്ചു.
'അഹമ്മദ് പട്ടേലിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പ്രത്യേകിച്ച് മുംതാസിനോടും ഫൈസലിനോടും. നമ്മുടെ പാര്‍ട്ടിയോടുളള നിങ്ങളുടെ അച്ഛന്റെ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ സേവനവും അളവാക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ അഭാവം വളരെയധികം അനുഭവപ്പെടും. അദ്ദേഹത്തിന്റെ ധൈര്യം നിങ്ങളിലേക്ക് കടന്നുവന്ന് ഈ വിഷമഘട്ടത്തെ നേരിടാനുളള കരുത്ത് അത് നിങ്ങള്ക്കേകട്ടെ. പ്രിയങ്കാഗാന്ധി കുറിച്ചു.
ഒരു ഞെട്ടലോടുകൂടിയാണ് അഹമ്മദ് പട്ടേലിന്റെ മരണവാർത്ത് താൻ കേട്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 1970 മുതൽ അഹമ്മദ് പട്ടേലുമായി അഭേദ്യമായ ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ഓർത്തു. 1978-ൽ പ്രതിസന്ധി ചുറ്റുപാടിലാണ് ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി അഹമ്മദ് പട്ടേലിനെയും കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തന്നെയും ഇന്ദിരാഗാന്ധി നിയമിച്ചത്. കോൺഗ്രസിനെ സംബന്ധിച്ച് കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവായിരുന്നു. പ്രതിസന്ധിഘട്ടങ്ങളെ ഇത്രയും നന്നായി കൈകാര്യം ചെയ്യുന്ന ഒരു നേതാവിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല. എന്തൊക്കെ പ്രതിസന്ധി ഉണ്ടാകുമോ അപ്പോഴെല്ലാം പ്രശ്ന പരിഹാരത്തിനായി സോണിയാ ഗാന്ധി വിശ്വസ്തനായ അഹമ്മദ് പട്ടേലിനെയാണ് പ്രശ്നപരിഹാരത്തിനായി നിയോഗിക്കുക എന്നും മുല്ലപ്പളളി ഓർത്തെടുത്തു. ആർക്കും പരിക്കേൽക്കാതെ അസമാന്യ വൈഭവത്തോടെ ആ പ്രശ്നം അദ്ദേഹം പറഞ്ഞു തീർക്കുമായിരുന്നു.
Content Highlights:WE WILL MISS HIM RAHUL GANDHI EXPRESS HIS GRIEF OVER DEATH OF AHAMED PATEL
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..