ഹിമന്ത ബിശ്വ ശർമ, രാഹുലിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെയും ഗൗതം അദാനിയെയും ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന സൂചന നല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ഹിമന്ത ബിശ്വ ശര്‍മ, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഢി, അനില്‍ ആന്റണി എന്നിവരുടെ പേരുകളാണ് അദാനിയുമായി ബന്ധപ്പെടുത്തി രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നത്. ഇതിനുള്ള മറുപടി ട്വീറ്റിലാണ് കോടതിയില്‍ കാണാമെന്ന് ഹിമന്ത മുന്നറിയിപ്പ് നല്‍കിയത്.
ട്വീറ്റില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ചൂണ്ടിക്കാട്ടി രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവും ഹിമന്ത നടത്തി. ബൊഫേഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുള്ള കുറ്റകൃത്യങ്ങളുടെ പണം എവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണ്. ഒട്ടാവിയോ ക്വത്‌റോച്ചിയെ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ പിടിയില്‍ നിന്ന് പലതലണ രക്ഷപ്പെടുത്തി. എന്തായിരുന്നാലും നമുക്ക് കോടതിയില്‍ കണ്ടുമുട്ടാം', ഹിമന്ത ട്വീറ്റ് ചെയ്തു.
തെറ്റായ ആരോപണം ഉന്നയിച്ച് കോടതിയില്‍ കയറി, നടപടിയുണ്ടാകുമ്പോള്‍ മാപ്പുപറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങുന്നത് രാഹുല്‍ ഗാന്ധിയുടെ പതിവ് ശൈലിയാണെന്നായിരുന്നു ബിജെപി നേതാവ് അശോക് സിംഗാള്‍ പ്രതികരിച്ചത്.
അനില്‍ ആന്റണി അടക്കമുള്ളവരെ അദാനിയുടെ പേരിനോട് കോര്‍ത്തിണക്കി രാഹുലിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. 'അവര്‍ സത്യം മറച്ചുവെക്കുന്നു. അതുകൊണ്ടാണ് എല്ലാ ദിവസവും അവര്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴും ചോദ്യം അതേപടി നിലനില്‍ക്കുകയാണ്... അദാനിയുടെ കമ്പനിയിയിലെ 20,000 കോടി ബിനാമി പണം ആരുടേതാണ്.. ?'
രാഹുല്‍ ട്രോളന്‍മാരെ പോലെയാണ് പെരുമാറുന്നതെന്നായിരുന്നു അനില്‍ ആന്റണി ഈ ട്വീറ്റിനോട് പ്രതികരിച്ചത്. 'ഒരു ദേശീയ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനെ ഇങ്ങനെ കാണുന്നത് സങ്കടകരമാണ്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് വിളിക്കുന്ന ആള്‍ ഓണ്‍ലൈന്‍ സാമൂഹിക മാധ്യമ സെല്ലുകളിലെ ട്രോളന്‍മാരെ പോലെയാണ് പെരുമാറുന്നത്, ദേശീയ നേതാവിനെ പോലെയല്ല. രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളായി സംഭാവനകള്‍ നല്‍കിയ ഈ ഉയര്‍ന്ന പ്രതിഭകള്‍ക്കൊപ്പം തുടക്കക്കാരനായ എന്റെ പേര് കാണുമ്പോള്‍ വളരെ വിനയാന്വിതനാകുന്നു. ഒരു കുടുംബത്തിന് വേണ്ടിയല്ല, ഇന്ത്യയ്ക്കും നമ്മുടെ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നതിനാലാണ് അവര്‍ക്ക് പാര്‍ട്ടി വിടേണ്ടിവന്നത്', അനില്‍ മറുപടി നല്‍കി.
Content Highlights: We will meet in court-Assam CM hits back after Rahul Gandhi's Adani tweet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..