ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കർഷക നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന മഹാപഞ്ചായത്ത് | Photo: ANI
ന്യൂഡൽഹി: വെള്ളിയാഴ്ച ഹരിയാനയിൽ നടക്കുന്ന യോഗത്തിൽ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഉണ്ടാകുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ആവശ്യമായി വരികയാണെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുസാഫർ നഗറിൽ ചേർന്ന ഖാപ് പഞ്ചായത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ടിക്കായത്ത് പറഞ്ഞു.
നേരത്തെ ഗുസ്തി താരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കാനായി ഹരിദ്വാറിൽ എത്തിയിരുന്നു. എന്നാൽ, കർഷക നേതാക്കൾ ഇടപെട്ട് ഗുസ്തി താരങ്ങളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാരിന് അഞ്ചുദിവസത്തെ സമയം നൽകിക്കൊണ്ടാണ് മെഡൽ ഗംഗയിലെറിയാനുള്ള തീരുമാനത്തിൽനിന്ന് താരങ്ങൾ പിൻവാങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ഖാപ് പഞ്ചായത്ത് ചേർന്നത്.
'ഗംഗയിൽ മെഡലുകൾ ഒഴുക്കിക്കളയേണ്ടതില്ല, മെഡലുകൾ ലേലത്തിൽ വെക്കൂ എന്ന് അവരോട് പറഞ്ഞു. ലേലം നിർത്താൻ വേണ്ടി ലോകം മുഴുവനും മുമ്പോട്ട് വരട്ടെ. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ ചെന്ന് കാണും. ഞങ്ങൾ എല്ലവരും നിങ്ങളുടെ കൂടെയുണ്ട്, ആശങ്കപ്പെടേണ്ടതില്ല', ടിക്കായത്ത് പറഞ്ഞു. ഇത്തരത്തിൽ കുടുംബം വിപുലപ്പെട്ടുവരുന്നത് നല്ലതാണെന്നും ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുംവരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേന്ദ്ര സർക്കാർ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബിഹാറിൽ ലാലുവിന്റെ കുടുംബത്തെ തകർത്തു. മുലായം സിങ് യാദവിന്റെ കുടുംബത്തെ അവർ എന്താണ് ചെയ്തത്. രാജസ്ഥാനിലും സമാനമായ കാര്യം സംഭവിച്ചുകൊണ്ടിരിക്കുകയാണ്', അദ്ദേഹം യോഗത്തിൽ പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരം ഹരിയാണയിലും പടിഞ്ഞാറന്‍ യു.പി.യിലും രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. വിഷയം ബി.ജെ.പി.ക്കുള്ളിലും ഭിന്നാഭിപ്രായങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. ഹരിയാണയില്‍നിന്നുള്ള ബി.ജെ.പി. ലോക്‌സഭാംഗം ബ്രിജേന്ദ്രസിങ്, സമരത്തെ പിന്തുണച്ച് രംഗത്തുവന്നു. മെഡലുകള്‍ ഗംഗയിലെറിയാനെടുത്ത തീരുമാനം വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: We Will Fight Till Wrestlers Get Justice Say Farmers After Mahapanchayat


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..