ജിഗ്നേഷ് മേവാനി |ഫോട്ടോ:PTI
ഗുവാഹാട്ടി: അസമിലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഗുജറാത്ത് എം.എല്‍.എ.യും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച കോടതി പോലീസിനെതിരെ രൂക്ഷ വിമര്‍ശം നടത്തി.
കോടതിയുടെയും നിയമത്തിന്റെയും നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്ത് മേവാനിയെ കൂടുതല്‍ കാലം തടങ്കലില്‍ വയ്ക്കാന്‍ വേണ്ടി കേസ് കെട്ടിച്ചമച്ചുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ട്വീറ്റ് ചെയ്തെന്ന കേസിലാണ് ഗുജറാത്തില്‍നിന്ന് അസം പോലീസ് മേവാനിയെ അറസ്റ്റ്ചെയ്ത് കൊക്രജാറിലേക്ക് കൊണ്ടുപോയത്. ഈ കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഈ മാസം 25-നാണ് പോലീസ് ഉദ്യോഗസ്ഥയെ പൊതുമധ്യത്തില്‍ കൈയേറ്റംചെയ്തെന്ന കേസില്‍ മേവാനിയെ അറസ്റ്റ്ചെയ്തത്. മേവാനിയെ തടങ്കലില്‍ വെക്കുന്നതിന് വേണ്ടി പോലീസ് കെട്ടിചമച്ച കേസാണിതെന്നാണ് ബാര്‍പേട്ട ജില്ലാ സെഷന്‍സ് ജഡ്ജി പരേഷ് ചക്രവര്‍ത്തി നിരീക്ഷിച്ചത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അസമില്‍ നടന്ന പോലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് പരാമര്‍ശിച്ച ജഡ്ജി സ്വയംപരിഷ്കരണത്തിന് തയ്യാറാവാന്‍ പോലീസിനോട് നിര്‍ദേശിച്ചു.
ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ബോഡിക്യാമറകള് ധരിക്കല്‍, അറസ്റ്റ് ചെയ്ത പ്രതിയെ എങ്ങോട്ടെങ്കിലും കൊണ്ടുപോകുന്നുണ്ടെങ്കില്‍ സിസിടിവിയുള്ള വാഹനങ്ങളിലായിരിക്കുക, പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മേവാനി തന്നെ കൈയേറ്റം ചെയ്തുവെന്ന പോലീസുകാരിയുടെ വാദം വിശ്വാസയോഗ്യമല്ലെന്നും കേസ് വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതിക്ക് മുമ്പാകെ വെച്ചത്.
'അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനം പോലീസ് സ്റ്റേറ്റായി മാറും. അത് സമുഹത്തിന് തങ്ങാനാകാത്തതാണ്. കഠിനാധ്വാനം ചെയ്തെടുത്ത നമ്മുടെ ജനാധിപത്യത്തെ പോലീസ് സ്റ്റേറ്റാക്കി മാറ്റുകയാണ്. ചിന്തിക്കാനാകാത്ത കാര്യമാണത്. പോലീസ് അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട വിഷയം ഒരു പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കാമോ എന്ന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിനോട് കോടതി അഭ്യര്‍ത്ഥിച്ചു.
ഗുവഹാട്ടി എല്‍ജിബി വിമാനത്താവളത്തില്‍ നിന്ന് കൊക്രാജറിലേക്ക് സര്‍ക്കാര്‍ വാഹനത്തില്‍ പോകുമ്പോള്‍ മേവാനി തനിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചു, വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ ശ്രമിച്ചു, ബലംപ്രയോഗിച്ച് സീറ്റിലേക്ക് തള്ളിയിട്ടു തുടങ്ങിയ ആരോപണങ്ങളാണ് വനിതാ പോലീസുകാരി മേവാനിക്കെതിരെ ആരോപിച്ചതെന്നാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്.
കൊക്രാജറിലെത്തിയ ശേഷം വനിതാ പോലീസുകാരി മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 1973ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 154-ാം വകുപ്പിലെ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശകാരിച്ച് സംസാരിക്കുക എന്നത് അശ്ലീലമായി സംസാരിച്ചുവെന്നതിനുള്ള കുറ്റം ചുമത്താനാവില്ല. ഓടിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വാഹനം പൊതുയിടമല്ല. എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ കഥയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ബോധ്യമാകുന്നതെന്നും കോടതി മേവാനിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് അറിയിച്ചു.
Content Highlights: We Will Become Police State- Court Slams Assam Cops On Jignesh Mevani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..