മുംബൈ: മഹാരാഷ്ട്രയിലെ അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാന താത്പര്യങ്ങള്‍ക്ക് അനുസൃതമായി കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അടുത്ത 25 വര്‍ഷം ഭരിക്കുമെന്നും സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. സഖ്യസര്‍ക്കാരുണ്ടായാല്‍ മുഖ്യമന്ത്രി പദം പങ്കുവെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റാവത്ത്.
അടുത്ത 25 വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആരുതടയാന് ശ്രമിച്ചാലും സംസ്ഥാനത്തെ ശിവസേന നയിക്കും അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവസേനയുടെ സാന്നിധ്യം സ്ഥിരമാണെന്നും 50 വര്‍ഷമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും എന്‍സിപിയുമായും സഖ്യമുണ്ടാക്കുമ്പോള്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറുമോ, മുസ്ലീം സംവരണം എന്ന ആവശ്യം അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങളില്‍ നിന്ന് റാവത്ത് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.
അധികാരം പങ്കിടുന്നതു സംബന്ധിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്ദവ് താക്കറെയ്ക്ക് സാധിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ആശയപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്ന പാര്‍ട്ടികളുമായി എങ്ങനെ സഖ്യം മുന്നോട്ടുകൊണ്ടുപോകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എ.ബി. വാജ്പേയിയുടെ കാലത്തെ എന്‍ഡിഎ സഖ്യത്തെ ഉദാഹരിച്ചാണ് റാവത്ത് മറുപടി നല്‍കിയത്. വാജ്പേയിയുടെ കാലത്ത് പാര്‍ട്ടികള്‍ സഖ്യം ഉണ്ടാക്കിയത് പൊതുമിനിമം പരിപാടിയുടെ ഭാഗമായാണ്.
മഹാരാഷ്ട്രയില്‍ തന്നെ മുമ്പ് ശരദ്പവാര്‍ നേതൃത്വം നല്കിയ പുരോഗമന ജനാധിപത്യ സഖ്യത്തില്‍ ബിജെപിയുടെ പൂര്‍വരൂപമായിരുന്ന ജനസംഘ് ഭാഗഭാക്കായിരുന്നു. ആശയപരമായി വ്യത്യസ്തങ്ങളായ പാര്‍ട്ടികള്‍ മുമ്പും സഖ്യങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി സഞ്ജയ് റാവത്ത് പറഞ്ഞു.
Content Highlights: We want to have the chief minister's post for the next 25 years says Sanjay Raut