ന്യൂഡല്‍ഹി: സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരേ യു.എസ് അഴിമതിക്കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് അമേരിക്കയുമായി ഒരാശയവിനിമയവും നടന്നിട്ടില്ലെന്ന് മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയും സ്വകാര്യ കമ്പനിയും വ്യക്തികളും തമ്മിലുള്ള നിയമപരമായ കര്യമാണിത്. അത് കൈകാര്യം ചെയ്യുന്നതിന് അവര്‍ക്ക് അവരുടേതായ നടപടിക്രമങ്ങളുണ്ടാവും. ഇന്ത്യയെ ഇത് സംബന്ധിച്ച് മുന്‍കൂട്ടി ഒന്നുംതന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലും ഇന്ത്യ ഇതിന്റെ ഭാഗമാവുന്നില്ല. ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ വിളിപ്പിക്കാനോ ഏതെങ്കിലും വിദേശകാര്യ മന്ത്രാലയം പരസ്പര നിയമസഹായത്തിന്റെ ബലത്തില്‍ ആവശ്യപ്പെട്ടാല്‍ അതിന്റെ വസ്തുതകള്‍ പരിശോധിച്ച് മുന്നോട്ടുപോവുമെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അദാനി ഗ്രീന്‍ എനര്‍ജിക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിന്റെ പേരില്‍ യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണം.
ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന് സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യുട്ടീവുകള്‍, അസുര് പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. നിരവധി ബില്യൺ ഡോളറിന്റെ പദ്ധതികള്‍ വാഗ്ദാനംചെയ്ത്, വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി, യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായാണ് ആരോപണം.
അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന് കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
Content Highlights: We Havent Received Any Request From US Foreign Ministry On Adani Case
Published: 29 Nov 2024, 06:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented