മിൽഖ സിങിനൊപ്പം പ്രധാനമന്ത്രി മോദി |ഫോട്ടോ:twitter.com|narendramodi
ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്ലറ്റിക്സിലെ 'പറക്കും സിഖ്' മില്‍ഖ സിങിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും അനുസ്മരിച്ചു. ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയ കായിക താരത്തെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നത്.ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയ ആളാണ് മില്‍ഖ. പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ദശലക്ഷകണക്കിന് ആളുകളെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ കടുത്ത മനോവേദനയുണ്ട്' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കുറച്ചുനാള്‍ മുമ്പ് താന്‍ മില്‍ഖ സിങുമായി സംസാരിച്ചിരുന്നു. ഇത് തങ്ങളുടെ അവസാന സംഭാഷണമാകുമെന്ന് തനിക്കറിയില്ലായിരുന്നു. വളര്‍ന്നുവരുന്ന നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിത യാത്രയില്‍ നിന്ന് ശക്തി പ്രാപിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള നിരവധി ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മില്‍ഖ സിങിന്റെ പോരാട്ടങ്ങളുടേയും കരുത്തിന്റേയും കഥ ഇന്ത്യന്‍ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അനുശോചന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, മറ്റു കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും മില്‍ഖ സിങിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..