ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന വന്‍തോതില്‍ സേനാവിന്യാസം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തര്‍ക്കങ്ങള്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകളില്‍ കൂടി പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജൂണ്‍ ആറിന് സൈനിക നേതൃത്വങ്ങള്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതൊക്കെ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ നീക്കത്തിന് പിന്നില്‍ എന്തെങ്കിലും ഉദ്ദേശങ്ങളുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകളിലുടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് അവരും പറയുന്നത്. ഇന്ത്യയും തര്‍ക്കം ഉടലെടുത്തിരിക്കുന്ന പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ എത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ചൈനയെ ഇന്ത്യ ശത്രുവായല്ല അയല്‍ക്കാരനായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ആരെയും ശത്രുവായി കരുതുന്നില്ല. പാകിസ്താനെപ്പോലും അയല്‍രാജ്യമായി മാത്രമാണ് നമ്മള്‍ കരുതുന്നത്. പക്ഷെ ആരെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തടയാന്‍ ശക്തമായി പരിശ്രമിക്കാന്‍ നമുക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മികച്ച സംവിധാനങ്ങളുണ്ട്. അതിനാല്‍ മൂന്നാമതൊരു കക്ഷിയുടെ സഹായം ആവശ്യമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.ചൈനീസ് പ്രസിഡന്റ് പോലും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടുകാരനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlighnts: We don’t consider anyone to be an enemy, would not let anyone hurt India’s self-respect
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..