ബിജെപി-ശിവസേന സംഘർഷത്തിനിടെ |ഫോട്ടോ:PTI
മുംബൈ: മുംബൈ ദാദറിലുള്ള സേനാഭവന് പുറത്ത് ഇരുപാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് സേന പ്രവര്‍ത്തകരെ ഗുണ്ടകളെന്ന് വിശേഷിപ്പിച്ച ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ഗുണ്ടകളാണെന്നതിന് ഞങ്ങള്‍ക്ക് ആരും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഗുണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു. മറാഠ അഭിമാനത്തിന്റേയും ഹിന്ദുത്വത്തിന്റേയും കാര്യം പറയുമ്പോള്‍ ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഗുണ്ടകള്‍ തന്നെയാണ്. ഈ സംസ്ഥാനത്തിന്റേയും ജനങ്ങളുടേയും പ്രതീകമാണ് പാര്‍ട്ടി ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്നയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിനെതിരെ കഴിഞ്ഞദിവസം സേനാഭവന് മുന്നിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരു വനിതാ പാര്‍ട്ടി അംഗത്വത്തിനെതിരെയുണ്ടായ ആക്രമണത്തെ ചൂണ്ടിക്കാട്ടി ശിവസേന പ്രവര്‍ത്തകരെ ഗുണ്ടകളെന്ന് ബിജെപി നേതാക്കള്‍ വിളിച്ചിരുന്നു.
പാര്‍ട്ടി ഓഫീസ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ വരുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നെന്ന് ശിവസേന പറഞ്ഞു. അവര്‍ വരുന്നതും കാത്ത് തങ്ങള്‍ ഇരിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. ശിവസേന ഭവന് നേരെ ആരെങ്കിലും കൈയൂക്ക് കാണിക്കാന്‍ നിന്നാല്‍ ഞങ്ങള്‍ തക്കതായ ഉത്തരം നല്‍കും. അതിനെ ഗുണ്ടകള്‍ എന്ന് വിളിച്ചാല്‍ അതങ്ങിനെ തന്നെയാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
'എന്തുകൊണ്ടാണ് ബിജെപി ഇത്രയധികം വിഭ്രാന്തി കാണിക്കുന്നത്? സേന എഡിറ്റോറിയല്‍ എന്താണ് പറഞ്ഞത്? ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടുകയും ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അത്തരക്കാരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വ്യക്തത ആവശ്യപ്പെടുന്നത് ഈ രാജ്യത്ത് കുറ്റകരമാണോ? എഡിറ്റോറിയലില്‍ ഒരിടത്തും ബിജെപിക്ക് പങ്കുണ്ടെന്ന് പരാമര്‍ശിക്കുന്നില്ല. നിങ്ങള്‍ക്ക് വായിക്കാനും എഴുതാനും കഴിയുന്നില്ലേ? ആരോപണങ്ങള്‍ എന്താണെന്നും ശിവസേന വക്താക്കള്‍ എന്താണ് പറഞ്ഞതെന്നും ആദ്യം മനസിലാക്കുക. നിങ്ങള്‍ വിദ്യാസമ്പന്നരാണെങ്കിലും അല്ലെങ്കിലും' സാമ്നയുടെ പത്രാധിപരും കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..