ന്യുഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തികളില്‍ അതിര്‍ത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) അധികാരപരിധി വിപുലീകരണത്തിനെതിരെ പഞ്ചാബിന് പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. നവംബര്‍ 17നാണ് സര്‍ക്കാര്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കാനിരിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന് കള്ളക്കടത്തുകാരുമായും ക്രിമിനലുകളുമായും ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനം ഇപ്പോള്‍ തീവ്രവാദികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ബിജെപി വിമര്‍ശനമുന്നയിച്ചു.

''പ്രമേയം കൊണ്ടുവരുന്നതില്‍ എന്താണ് കാര്യം? നമ്മുടെ അതിര്‍ത്തികള്‍ ശക്തവും സുരക്ഷിതമായിരിക്കാന്‍ മുഖ്യമന്ത്രി മമത ആഗ്രഹിക്കുന്നില്ലേ?'' - ബിജെപി എംഎല്‍എ അഗ്‌നിമിത്ര പോള്‍ ചോദിച്ചു. എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ 631 കിലോമീറ്റര്‍ സ്ഥലം വേലി നിര്‍മിക്കാന്‍ വിട്ടുനല്‍കാത്തതെന്നും നവംബര്‍ 17ന് എല്ലാ ബിജെപി എംഎല്‍എമാരും ചേര്‍ന്ന് പ്രമേയത്തെ ശക്തമായി എതിര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിഎസ്എഫിന്റെ അധികാരപരിധി അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 15 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല കൊല്‍ക്കത്തയില്‍ എത്തിയ ദിവസമാണ് ഈ സംഭവവികാസങ്ങളെന്നുള്ളത് ശ്രദ്ധേയമാണ്.

പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 15 കിലോമീറ്ററില്‍ നിന്ന് ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എഫ് നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു.  കേന്ദ്രത്തിന്റെ നീക്കത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ തന്നെ  വിമര്‍ശിക്കുകയും ഈ തീരുമാനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ അവരെ വിശ്വാസത്തിലെടുക്കാതെ പഞ്ചാബിന്മേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഭയില്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് രംഗത്തു വന്നു. രാജ്യസുരക്ഷ സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്ഥാന വിഷയമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Content Highlights: WB to pass resolution against BSF jurisdiction on Nov 17