കൂച്ച് ബെഹാര്‍: പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിന്റെ വാഹനം കൂച്ച് ബെഹാര്‍ ജില്ലയില്‍ ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചു. ബിജെപിയുടെ രഥയാത്രയില്‍ പങ്കെടുക്കാനായി സ്ഥലത്തെത്തിയ ദിലീപ് ഘോഷ് സംഭവത്തിന് പിന്നില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ചു.

തന്റെ വാഹനം ആക്രമിക്കപ്പടുന്നത് പത്താമത്തെ തവണയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെപ്പോകാന്‍ ആക്രോശിച്ചെന്നും ദിലീപ് ഘോഷ് പറയുന്നു. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റെന്നും പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൂച്ച് ബെഹാറില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വെള്ളിയാഴ്ച നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.

Content Highlight: WB BJP chief's vehicle attacked, TMC blamed