ബാർജിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി മുംബൈയിലെ നേവൽ എയർ സ്റ്റേഷനിൽ എത്തിക്കുന്നു | Photo : AP
ന്യൂഡല്‍ഹി: രക്ഷാപ്രവര്‍ത്തനത്തിനായി എത്തുമ്പോള്‍ അറബിക്കടല്‍ പ്രക്ഷുബ്ധമായിരുന്നു.100 മുതല്‍ 120 കിലോമീറ്റര്‍/ മണിക്കൂര്‍ വേഗതയില്‍ വീശിയിരുന്ന കാറ്റും 5-7 മീറ്റര്‍ വരെ ഉയര്‍ന്നു പൊങ്ങിയ തിരമാലകളും. പോരാത്തതിന് കനത്ത മഴ. കഷ്ടിച്ച് അര കിലോമീറ്ററോ ഒരു കിലോമീറ്റര്‍ വരെയോ മാത്രം മുന്നിലേക്ക് തെളിയുന്ന കാഴ്ച. നിയന്ത്രണം വിട്ടൊഴുകിയ ബാര്‍ജുകളിലുണ്ടായിരുന്നവരെ രക്ഷിക്കുക എന്നതായിരുന്നു ഏകലക്ഷ്യമെന്നതിനാല്‍ ഈ പ്രതിബന്ധങ്ങള്‍ നേരിടാന്‍ മടിച്ചില്ല, ഒപ്പം സ്വയംസുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമവും-വീശിയടിച്ച ചുഴലിക്കാറ്റില്‍ നിയന്ത്രണം വിട്ടൊഴുകിപ്പോയ പത്തേമാരികളുടെ സഹായത്തിനെത്തിയ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണമാണിത്.
അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായതോടെയാണ് മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ക്ക് തിങ്കളാഴ്ച ദിശ തെറ്റിയത്. P-305, ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്നീ ബാര്‍ജുകള്‍ കടല്‍ത്തിരകളില്‍ പെട്ട് മുങ്ങുകയും ചെയ്തു. രണ്ട് ബാര്‍ജുകളിലുമായി നാനൂറിലധികം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 97-ഓളം പേരെ കാണാതായിട്ടുണ്ട്. രണ്ട് ബാര്‍ജുകളിലേയും അപകടത്തില്‍ പെട്ട ബാക്കിയുള്ളവരെ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ഒഎന്‍ജിസിയും ചേര്‍ന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ കരയ്‌ക്കെത്തിച്ചതായി കമഡോര്‍ എം കെ ഝാ പ്രതികരിച്ചു. കപ്പലുകളില്‍ നിന്ന് ഹെലികോപ്ടര്‍ ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു.
രക്ഷപ്പെടുത്തിയ ഒട്ടുമിക്ക പേര്‍ക്കും ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നതായി ഝാ പറഞ്ഞു. എന്നാല്‍ ബാര്‍ജുകളിലെ ലൈഫ് റാഫ്റ്റുകള്‍ ഒന്നു പോലും വെള്ളത്തിലിറക്കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികൂലമായ കാലാവസ്ഥയില്‍ രക്ഷാബോട്ടുകള്‍ കടലിറക്കാന്‍ സാധിക്കാതെ വന്നതാവണം കാരണമെന്ന് ഝാ പറഞ്ഞു. അവരുടെ കണ്ണുകളില്‍ പ്രതീക്ഷ കെട്ടിരുന്നില്ല, പക്ഷെ നിത്യപരിചിതമായ കടലിന് ഇത്തരത്തിലൊരു മുഖം കൂടിയുണ്ടെന്നുള്ള യാഥാര്‍ഥ്യം അവരെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഭയാനകമായ തിരകളില്‍ മണിക്കൂറുകളോളം ചെലവിടേണ്ടി വന്ന അവരുടെ ദൈന്യത തിരിച്ചറിയാനാവുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
സാഹചര്യം പ്രതികൂലമാണെന്ന് കണ്ടയുടനെ തന്നെ തൊഴിലാളികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തങ്ങളോട് ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടാന്‍ നിര്‍ദേശിച്ചതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സതീഷ് നര്‍വാദ് പറഞ്ഞു. ബാര്‍ജിന് നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു അത്. തക്കസമയത്ത് തന്നെ സഹായമെത്തിയതില്‍ തന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതായും സതീഷ് കൂട്ടിച്ചേര്‍ത്തു.
സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചയുടനെ തന്നെ ബാര്‍ജുകളുടെ സ്ഥാനം നിര്‍ണയിക്കാനുള്ള ശ്രമം നാവികസേന ആരംഭിച്ചു. കോസ്റ്റ് ഗാര്‍ജിന്റെയും ഒഎന്‍ജിസിയുടേയും സഹായത്തോടെ രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ത്തലച്ചെത്തിയ തിരമാലകളും വേഗതയേറിയ കാറ്റും പേമാരിയും രക്ഷാപ്രവര്‍ത്തകരെ തെല്ലൊന്നുമല്ല വലച്ചത്.
Content Highlights: Waves 23 Feet High, 0.5 Km Visibility Navy In Eye Of Cyclone Tauktae
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..