ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുമിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു നിര്‍ണ്ണായ നിമിഷമാണെന്ന് ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ പരിവര്‍ത്തനം ഉറപ്പാക്കുകയും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രതികരണം.
'പതിറ്റാണ്ടുകളായി ഇന്ത്യന്‍ കര്‍ഷകര്‍ പരിമിതികള്‍ക്കുള്ളിലെ ബന്ധനത്തിലും ഇടനിലക്കാരുടെ ഭീഷണിയിലുമാണ്. പാര്‍ലമെന്റ് പാസാക്കിയ ബില്ലുകളിലൂടെ കര്‍ഷകരെ അത്തരം ഭീഷണികളില്‍ നിന്ന് മോചിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനും അവര്‍ക്ക് കൂടുതല്‍ അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് പ്രേരണ നല്‍കും' മോദി ട്വീറ്റില്‍ കുറിച്ചു.
കഠിനാധ്വാനികളായ കര്‍ഷകരെ സഹായിക്കുന്നതിന് നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ആവശ്യകതയുണ്ട്. ഈ ബില്ലുകള്‍ പാസാകുന്നതോടെ നമ്മുടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളിലേക്ക് എളുപത്തില്‍ പ്രവേശിക്കാനാകും. അത് ഉത്പാദനം വര്‍ധിപ്പിക്കാനും മികച്ച ഫലം ലഭ്യമാക്കാനുമിടയാക്കും. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ കര്‍ഷകരെ സേവിക്കാന്‍ തങ്ങള്‍ ഇവിടെയുണ്ട്. അവരെ പിന്തുണയ്ക്കാനും അവരുടെ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യും, അക്കാര്യം ഒരിക്കല്‍ കൂടി താന്‍ പറയുന്നുവെന്നും മോദി വ്യക്തമാക്കി.
Content Highlights: Watershed Moment In History Of Agriculture- PM Modi-farm bills