മുംബൈ: റെയില്‍വേ സ്‌റ്റേഷനിലെ കക്കൂസിലെ വെള്ളം പാചകത്തിന് ഉപയോഗിക്കുന്ന വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുംബൈ ബോറിവലി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഇഡ്‌ലി കച്ചവടക്കാരനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഇയാള്‍ പാചകത്തിനായി റെയില്‍വേ സ്റ്റേഷനിലെ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

റെയില്‍വേ സ്റ്റേഷന് സമീപം റോഡരികില്‍ ഇഡ്‌ലി വില്‍ക്കുന്ന കച്ചവടക്കാരനാണ് വൃത്തിഹീനമായ ശുചിമുറിയില്‍നിന്ന് വെള്ളം ശേഖരിച്ചത്. ഇഡ്‌ലിക്കൊപ്പം നല്‍കുന്ന ചട്‌നി ഉണ്ടാക്കാനായിരുന്നു ഈ വെള്ളം ഉപയോഗിച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം ജനങ്ങളറിഞ്ഞത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെട്ടു. 

അതേസമയം, വീഡിയോ ചിത്രീകരിച്ച സമയമോ തീയതിയോ വ്യക്തമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തെരുവുകളിലെ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചതായും ഒരിക്കലും ഇങ്ങനെ ശേഖരിക്കുന്ന ശുദ്ധമല്ലാത്ത വെള്ളം പാചകത്തിന് ഉപയോഗിക്കരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീഡിയോയില്‍ ഉള്‍പ്പെട്ട കച്ചവടക്കാരനെ പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  

Content Highlights: Water from Toilet used for making idli and chutney, inquiry begins