ന്യൂഡല്‍ഹി: ആകാശത്ത് വെച്ച് യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് വ്യോമസേന. സുഖോയ് 30എംകെഐ യുദ്ധവിമാനത്തിലാണ് വ്യോമസേനയുടെ ഇന്ധന ടാങ്കര്‍ വിമാനമായ ഐഎല്‍-78 എഫ്ആര്‍എ വിമാനത്തില്‍ നിന്ന് ഇന്ധനം നിറച്ചത്. 

ഇന്ത്യന്‍ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും ചേര്‍ന്ന് നടത്തുന്ന ഗരുഡ വ്യോമാഭ്യാസത്തിനിടെയാണ് പറക്കുന്നതിനിടെ വിമാനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള വ്യോമസേന പൈലറ്റുമാരുടെ പാടവം തെളിയിച്ചത്. ഫ്രാന്‍സിലെ മോണ്ട് ദെ മാര്‍സാന്‍ വ്യോമതാവളത്തിലാണ് ഇരുരാജ്യങ്ങളുടെയും സംയുക്ത വ്യോമാഭ്യാസം നടക്കുന്നത്. ജൂലൈ ഒന്നിന് തുടങ്ങിയ യുദ്ധാഭ്യാസ പ്രകടനങ്ങള്‍ ജൂലൈ 14 ന് അവസാനിക്കും. 

പറന്നുകൊണ്ടിരിക്കെ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ധനം കൊണ്ടുപോകുന്ന വിമാനത്തിന്റെ അതേവേഗതയില്‍ അതേ ദിശയില്‍ യുദ്ധവിമാനങ്ങളും സഞ്ചരിക്കേണ്ടതുണ്ട്. അണുവിട മാറിയാല്‍ വലിയ അപകടമാണ് സംഭവിക്കുക. 

നാല് സുഖോയ് വിമാനങ്ങളും ഐഎല്‍-78 എഫ്ആര്‍എ ഇന്ധന വിമാനവുമായാണ് വ്യോസേന ഫ്രാന്‍സിലെത്തിയത്. ഇതിനൊപ്പം വ്യോമസേന പൈലറ്റുമാരുള്‍പ്പെടെ 120 സൈനികരുമുണ്ടായിരുന്നു. റഫാല്‍, ആല്‍ഫാ ജെറ്റ്, മിറാഷ് 2000,സി-135, ഇ3എഫ്, സി130, കാസ തുടങ്ങിയ വിമാനളയൊണ് അണി നിരത്തിയത്.  ഇരുസേനകളുടെയും പരസ്പര പ്രനവര്‍ത്തന ക്ഷമത പരിശോധിക്കുകയും പുതിയ തന്ത്രങ്ങള്‍ പങ്കുവെയ്ക്കുകയുമാണ് വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം. 2014 ലെ ഗരുഡ അഭ്യാസം ഇന്ത്യയിലെ ജോധ്പുര്‍ വ്യോമതാവളത്തിലാണ് നടന്നത്.

Content Highlights: IAF,  air-to-air refueling, Su-30MKI, IAF, Garuda Excercise